ദില്ലി:മദ്യനയ അഴിമതികേസിൽ കെ കവിതയ്ക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി.ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേശ്, ബേല എം ത്രിവേദി എന്നിവരുടെ മൂന്നംഗ ബഞ്ച് രാവിലെ പത്തരയ്ക്കാണ് ദില്ലി മദ്യനയ കേസിൽ കെ കവിത നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചത്.
അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്.അരവിന്ദ് കേജരിവാളിന്റെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെയാണ് ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷയും സുപ്രീംകോടതി അംഗീകരിക്കാതിരുന്നത്.
മാപ്പ് സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയിലേക്ക് പോകാൻ പറയരുതെന്ന് സിബലിൻ്റെ അപേക്ഷ കോടതിയിൽ ചിരി ഉയർത്തി.
രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ നിരാശയുണ്ടെന്നും കപിൽ സിബൽ പറഞ്ഞു. അഭിഭാഷകൻ എന്ന നിലയ്ക്ക് നിരാശ വേണ്ടെന്ന് പ്രതികരിച്ച കോടതി ജാമ്യത്തിന് നേരിട്ട് സുപ്രീംകോടതിയിൽ വരുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നിലനില്‍ക്കുന്ന ചട്ടങ്ങൾ ലംഘിക്കാനാവില്ല. വിചാരണ കോടതിയെ സമീപിക്കാൻ ഉപദേശിച്ച കോടതി ഇക്കാര്യം വേഗത്തിൽ പരിഗണിക്കണം എന്ന നിർദ്ദേശവും നല്‍കി.
കള്ളപ്പണ നിരോധന ചട്ടങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള കവിതയുടെ ഹർജി പൊതുവായി പരിഗണിക്കും. ഇതിന് മറുപടി നല്‍കാൻ ഇഡിക്ക് കോടതി നോട്ടീസ് നല്‍കി. ഹേമന്ദ് സോറൻ്റെ ഹർജി വന്നപ്പോഴും ആദ്യം ഹൈക്കോടതിയെ സമീപീക്കാനാണ് ഇതേ ബഞ്ച് ഉത്തരവ് നല്‍കിയത്. അതിനാൽ കെജ്രിവാളിൻ്റെ അപേക്ഷയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.