എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഒരു സാമൂഹ്യ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലൂടെ പരസ്യമായി വിമര്‍ശിച്ച പ്രിന്‍സിപ്പലിനെതിരെ സര്‍ക്കാര്‍ എന്തിന് അച്ചടക്ക നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നേരത്തെ പ്രിന്‍സിപ്പല്‍ എം.എസ്.എഫിനെ വിമര്‍ശിച്ചപ്പോള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡോക്ടര്‍ രമയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാരിന്റെ അന്വേഷണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീല്‍ ഹര്‍ജ്ജിയില്‍ ഡിവിഷന്‍ബെഞ്ച് വാദം കേള്‍ക്കവേ ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
സാമൂഹ്യ മാധ്യമത്തില്‍ പ്രിന്‍സിപ്പല്‍ നല്‍കിയ ഇന്റര്‍വ്യൂ പൂര്‍ണ്ണമായും ഓപ്പണ്‍ കോടതിയില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പല്‍ സര്‍ക്കാരിനെതിരെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് ക്യാമ്പസ്സില്‍ അച്ചടക്കം നടപ്പിലാക്കാന്‍ ശ്രമിക്കുകയും, മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ അനാവശ്യമായി കോളേജില്‍ പ്രവേശിക്കുന്നത് തടയുകയും, കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും വ്യാപകമായ ലഹരി ഉപയോഗവും തടയാന്‍ ശ്രമിക്കുകയും SFI നേതാക്കള്‍ക്കെതിരെ പരസ്യമായി പരാമര്‍ശം നടത്തുകയും ചെയ്തതിന്റെ പേരില്‍ SFI നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ: രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും നീക്കി മഞ്ചേശ്വരം ഗവണ്‍മെന്റ് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.
SFI ക്കാരുടെ പരാതിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടായിരുന്നു പ്രിന്‍സിപ്പലിന്റെ സ്ഥലം മാറ്റം. അധ്യാപികയ്‌ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണത്തിന് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡോ: രമ മാര്‍ച്ച് 31 സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനു മുന്‍പ് അധ്യാപികയ്ക്കെതിരെ തിരക്കിട്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന SFI യുടെ സമ്മര്‍ദ്ദം പരിഗണിച്ചാണ് സര്‍ക്കാരിന്റെ നടപടി. വിരമിക്കുന്നതിനു മുന്‍പ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അധ്യാപികയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനിശ്ചിതമായി തടയുകയുമാണ് ഉന്നം.
അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് അധ്യാപിക അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂനലിനെ സമീപിച്ചുവെങ്കിലും അച്ചടക്ക നടപടി തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഈ മാസം 12ന് കാസര്‍ഗോഡ് കോളേജില്‍ അന്വേഷണത്തിന് നേരിട്ട് എത്തിച്ചേരാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. SFI അധിപത്യമുള്ള കോളേജില്‍ അന്വേഷണത്തിന് ഹാജരാകുന്നതിലെ സുരക്ഷ ഭീഷണി അധ്യാപിക ചൂണ്ടിക്കാ ട്ടിയത് കണക്കിലെടുക്കാതെയാണ് ഡോ: രമയെ കോളേജില്‍ എത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. കോടതി സ്റ്റേ നല്‍കിയത് കൊണ്ട് അന്വേഷണം നിര്‍ത്തി വയ്ക്കേണ്ടിവന്നു. ഹര്‍ജ്ജിക്കാരിക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.