“എന്റെ യുദ്ധം ഹിന്ദുമതത്തിലെ ശക്തിയോടാണ് ആ ഹിന്ദുമതത്തിലെ ശക്തിയെ ഇല്ലായ്മ ചെയ്യലാണ് എന്റെ ആത്യന്തിക ലക്ഷ്യം യേശുവാണ് യഥാർത്ഥ ദൈവം ശക്തിയല്ല. ഭാരത് ജോഡോ ന്യായ് യാത്രയിലെ വാക്കുകളിൽ ചിലത് മാത്രം” ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് പ്രച്ചരണങ്ങളുമൊക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. അങ്ങനെ രാഹുൽ ഗാന്ധിയുടെ ഒരു പ്രസംഗവും വൈറൽ ആകുന്നു എന്ന തരത്തിലാണ് ഈ വാചകങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുന്നത്.
യേശുവിനെ അനുകൂലിച്ചുകൊണ്ട് ഹിന്ദുമതത്തിന് എതിരായി രാഹുൽ ഗാന്ധി സംസാരിച്ചുവെന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുൽ ഹിന്ദുവിരുദ്ധത പുറത്തെടുത്തത് എന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. എന്താണ് ഈ പറയുന്നതിന് പിന്നിലെ യാഥാർഥ്യം എന്ന് നോക്കാം.
സംഭവം നടന്നുവെന്ന് പറയുന്നത് ഭാരത് ജോഡോ ന്യായ് യാത്രയുടെ പശ്ചാത്തലത്തിലായതുകൊണ്ടു അന്വേഷണം അവിടുന്ന് തന്നെ തുടങ്ങാം. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്. 2 മണിക്കൂർ 50 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 1 മണിക്കൂർ 42 മിനുറ്റ് സമയം മുതലാണ് വിവാദ പ്രസംഗം ഉൾപ്പെടുന്നത്. ഹിന്ദു ധർമ്മത്തിൽ ശക്തി എന്ന വാക്കുണ്ട് എന്ന് പറഞ്ഞതിന് ശേഷം നമ്മൾ ശക്തിയോടാണ് പോരാടുന്നത് എന്നും രാഹുൽ പറയുന്നുണ്ട്. ഈ ഭാഗമാണ് വിവാദമായത്.
എന്നാൽ ഇത് കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം ഒരു ശക്തിയോടാണ് പോരാടുന്നത് എന്നാവർത്തിച്ച് പറയുന്നുണ്ട്. തുടർന്നുള്ള പ്രസംഗഭാഗങ്ങളിൽ ഇഡി, ഇവിഎം മെഷീൻ തുടങ്ങിയ കാര്യങ്ങളിലെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ശക്തി എന്ന വാക്കും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
ഹിന്ദു ധർമ്മത്തിലെ ശക്തിക്കെരായാണ് പോരാടുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്നാരോപിച്ച് ബിജെപി അനുകൂലികളും നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ പരമാർശം കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധതയുടെയും സ്ത്രീ വിരുദ്ധതയുടെയും തെളിവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചത്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. ഇതേ തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ പ്രധാനമന്ത്രി വളച്ചൊടിക്കുകയാണെന്നും താൻ ഉദ്ദേശിച്ച ശക്തി നമ്മൾ എതിരിടുന്ന ശക്തിയാണെന്നും ശക്തിയുടെ മുഖംമൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ഹിന്ദുമതത്തിലെ ശക്തിയോടാണ് കോൺഗ്രസ് പോരാടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. കൂടാതെ യേശുവാണ് ഒരേയൊരു ദൈവമെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലെവിടെയും പറയുന്നില്ല. ശക്തിയെ നേരിടുകയാണ് എന്ന രാഹുലിന്റെ പരാമർശം മാത്രമാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.