കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന തലേക്കുന്നില്‍ ബഷീറിന്റെ സ്മരണാര്‍ത്ഥം തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈവര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 26-ന് രാവിലെ 11ന് ഇന്ദിരാഭവനില്‍ എ.കെ ആന്റണി സമ്മാനിക്കുമെന്ന് കള്‍ച്ചറല്‍ സെന്റര്‍ രക്ഷാധികാരിയും കെപിസിസി ആക്ടിങ് പ്രസിഡന്റുമായ എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എംആര്‍ തമ്പാന്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് ഡോ. ജോര്‍ജ് ഓണക്കൂറിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. തലേക്കുന്നില്‍ ബഷീറിന്റെ ദീപ്തമായ സ്മരണകള്‍ കാത്തുസൂക്ഷിക്കുന്നതിനും തലമുറകള്‍ക്ക് കൈമാറുന്നതിനുമായി രൂപീകരിക്കപ്പെട്ട കള്‍ച്ചറല്‍ സെന്ററിന്റെ രണ്ടാമത് പുരസ്‌കാരമാണിത്. പ്രഥമ പുരസ്‌കാരം മലയാള സാഹിത്യലോകത്തെ കാരണവര്‍ ടി. പത്മനാഭന് കഴിഞ്ഞവര്‍ഷം സമ്മാനിച്ചിരുന്നു.
പുരസ്‌കാര ദാന ചടങ്ങില്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി അധ്യക്ഷത വഹിക്കും. കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ അനുസ്മരണ പ്രഭാഷണവും ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണവും നടത്തും.
തലേക്കുന്നില്‍ ബഷീറിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം 25-ന് വെഞ്ഞാറമൂട് സബര്‍മതി അങ്കണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. വിപുലമായ ലൈബ്രറി ഉള്‍പ്പെടെയുള്ള സ്മാരക മന്ദിരമാണ് നിര്‍മ്മിക്കുക. 27-ന് തലേക്കുന്നില്‍ ബഷീറിന്റെ ജന്മനാട്ടില്‍ വിപുലമായ ചരമവാര്‍ഷികാചരണ ചടങ്ങുകളും സംഘടിപ്പിക്കുമെന്ന് എം.എം ഹസന്‍ അറിയിച്ചു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, ഡോ. എംആര്‍ തമ്പാന്‍, കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഇ. ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു