ഗസ്സയിൽ കടുത്ത പട്ടിണി മൂലം മരണത്തിൻ്റെ വക്കിലാണ് കുട്ടികൾപോലുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് വേണ്ട ശരീരഭാരം ഇല്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 31,726 പേർ കൊല്ലപ്പെട്ടു. പട്ടിണിമരണങ്ങളുടെ വക്കിൽ നിൽക്കുന്ന ഗസ്സയിൽ വീണ്ടും ഭക്ഷണത്തിനു വേണ്ടി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ഇരുപത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
ഇടവേളകളില്ലാതെ തുടരുന്ന യുദ്ധവും നിയന്ത്രണങ്ങളും ഇതിനോടകം തന്നെ ഗസ്സയിലെ ജനതയെ നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. യുഎൻ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറയുന്നതനുസരിച്ച് സഹായം നൽകുന്നതിനുള്ള എല്ലാ വഴികളും ഇസ്രായേൽ അടക്കുന്നത് യുദ്ധത്തിൻ്റെ ഒരു രീതിയാണെന്നും, ഈ ക്ഷാമം മനുഷ്യനിർമ്മിതമാണെന്നും പട്ടിണിയെയും ഒരു യുദ്ധമുറയായാണ് അവർ കാണുന്നതെന്നുമാണ്.
ഇസ്രയേലിൽ ഉടൻ തിരഞ്ഞെടുപ്പു നടത്തണമെന്ന് യുഎസ് സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ചക് ഷൂമർ ആവശ്യപ്പെട്ടു. ഇസ്രയേലിലെ തീവ്രവാദ സർക്കാരും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമാണു മേഖലയിലെ സമാധാനത്തിനു തടസ്സമെന്നും അദ്ദേഹം ആരോപിച്ച്.
യുഎസ് സർക്കാരിലെ ജൂത ജനപ്രതിനിധിയാണു ഷൂമർ. കൂടാതെ, ഡെമോക്രാറ്റിക് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഇസ്രയേലിനുള്ള ആയുധ വിൽപ്പന നിർത്താൻ വോട്ട് ചെയ്തതിന് കാനഡയുടെ പാർലമെൻ്റിനെ അഭിനന്ദിക്കുകയും, യുഎസും ഇത് പിന്തുടരണമെന്നും “നെതന്യാഹുവിൻ്റെ യുദ്ധ യന്ത്രത്തിന് മറ്റൊരു ആയുധം നൽകരുതെന്നും” പറഞ്ഞു.
അതിനിടെ, ഹമാസിന്റെ ഡപ്യൂട്ടി കമാൻഡറായ മർവൻ ഈസ കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ സ്ഥിരീകരിച്ചു. എന്നാൽ ഹമാസ് ഇതുവരെ വിശ്വസ്യത്തിൽ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ സൈനിക വിഭാഗമായ ഇസിദീൻ അൽ-ഖസാം ബ്രിഗേഡിന്റെ ഡപ്യൂട്ടി കമാൻഡറായി കഴിഞ്ഞ ഒക്ടോബർ മുതൽ പ്രവർത്തിച്ചുവരികയായിരുന്നു ഈസ.
അഞ്ച് മാസത്തിലധികം നീണ്ട യുദ്ധത്തിൽ ഗസ്സയിൽ കൊല്ലപ്പെടുന്ന ഉയർന്ന റാങ്കിലുള്ള സൈനിക മേധാവിയാണ് മർവൻ ഈസ. ഇസ്രായേൽ ആരോപിക്കുന്നതനുസരിച്ച് ഹമാസിൻ്റെ ദൈനംദിന സൈനിക നടപടികളിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഈസ.
ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്കുന്നുൻസെന്ന ഖത്തര്‍. റഫയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ അത് ചര്‍ച്ചയെ ബാധിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. എന്നാൽ ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രായേലിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടെന്ന് ആരോപിക്കുകയാണ് ഹമാസ്.
അൽശിഫ ആശുപത്രിയിലെ ആക്രമണവും ഗസ്സയിൽ സർക്കാർ പ്രതിനിധികളെ കൊലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമെന്നും ഹമാസ് ആരോപിക്കുന്നു. ഗസ്സയിൽ സമ്പൂർണ അരക്ഷിതാവസ്ഥ വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ കൈക്കൊള്ളുന്ന നടപടികളുടെ ലക്ഷ്യമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ രംഗത്തു വന്നു.
അൽ ശിഫ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ അമ്പതിലറെ പേരെ ഇസ്രായേൽ കൊലപ്പെടുത്തി. നൂറിലേറെ പേരെ പേരെ സൈന്യം പിടികൂടി. അൽഷിഫ ആശുപത്രി ഹമാസ് പോരാളികൾ താവളമാക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ വീണ്ടും ഇവിടെ ആക്രമണം നടത്തിയത്.
ഇതിനിടെ റഫയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം കനത്ത നാശം സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. റഫ ഓപ്പറേഷനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രയേലി ഉദ്യോഗസ്ഥരെ അവിടേക്ക് അയയ്ക്കാൻ നെതന്യാഹു സമ്മതിച്ചതായി യുഎസ് അറിയിച്ചു. തലസ്ഥാനമായ ദമാസ്കസിനു സമീപമുള്ള ഒട്ടേറെ സൈനിക പോസ്റ്റുകളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി സിറിയ വെളിപ്പെടുത്തി.