നർത്തകനും നടനുമായ ഡോ. ആർഎൽവി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി.എ. പ്രേംബാബു കേരളത്തിൻ്റെ കലാ – സാംസ്കാരിക – സാമൂഹ്യ മണ്ഡലത്തിലെ ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യം നിരന്തരം പ്രത്യക്ഷപ്പെടുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സത്യഭാമ എന്ന ശൂദ്ര സവർണ്ണതയുടെ കുലസ്ത്രീ രൂപമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദളിത് അധിക്ഷേപത്തിലും പീഡനത്തിലും മരണത്തിലും ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ആസൂത്രണമുണ്ട്.രാമകൃഷ്ണനെ അധിക്ഷേപിച്ചതിലും ജാതിയും ഈ ആസൂത്രണവുമുണ്ടെന്നും പ്രേംബാബു ചൂണ്ടിക്കാട്ടി.
ഓരം ചേർക്കപ്പെട്ട സമൂഹം അഭിമുഖീകരിക്കുന്ന അഭിശപ്ത ജീവിതത്തിൻ്റെ ഇരുണ്ട വഴികൾ ഇന്നും അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്.ജനാധിപത്യ വ്യവസ്ഥയിൽ തങ്ങൾക്ക് ജീവവായു പോലും നിഷേധിക്കുന്നവർക്കെതിരെ തുറന്ന പോരാട്ടം മാത്രമാണ് ദളിത് ആദിവാസി ന്യൂനപക്ഷ സമൂഹങ്ങൾക്ക് മുന്നിൽ അവശേഷിച്ചിട്ടുള്ള ഏക പോംവഴിയെന്നും പ്രേംബാബു വ്യക്തമാക്കി.
“സവർണ്ണ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം തച്ചു തകർക്കാതെ ദളിത് സമൂഹത്തിന്റെ മുന്നിൽ സ്വാതന്ത്ര്യം നിരർത്ഥകമായ വാഗ്ദാനമാണ് ” എന്ന ഡോ അംബേദ്കറുടെ ദൃഢവീക്ഷണം ഓരോ ദിവസവും കൂടുതൽ സ്പഷ്ടതയോടെ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ഓരോ 18 മിനിറ്റിലും ഒരു ദളിതൻ എങ്കിലും അക്രമത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
“കരിങ്കൽ മല പെറ്റെറിഞ്ഞവരെ…നിങ്ങൾക്കുള്ള ഒരേയൊരു കരുത്ത് നിങ്ങളുടെ നിറമാണ്;അതിനുമുമ്പിൽ ഏത് സത്യഭാമയുടെയും സവർണ്ണ കൂത്തച്ചിയാട്ടച്ചുവടുകൾക്ക് അടിപതറും “-രാമകൃഷ്ണന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രേം ബാബു പറഞ്ഞു.
അതേ സമയം, സത്യഭാമയ്ക്കും മകനുമെതിരെ 2022 നവംബർ 2 ന് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡനക്കേസും നിലവിലുണ്ട്. സത്യഭാമയുടെ മകൻ അനുപിൻ്റെ ഭാര്യയാണ് പരാതിക്കാരി. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അനൂപ് ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്. എന്നാൽ പൊലീസിൻ്റെ എഫ്ഐആറിൽ വിവരിച്ചിരിക്കുന്നത്. സ്ത്രീധനത്തിനായി തന്നെ സത്യഭാമ പല തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് മരുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത എഫ്ഐആറിൽ പറയുന്നു
ആദ്യം 35 പവൻ സ്ത്രീധനമായി വാങ്ങി. പിന്നീട് ഇത് കുറഞ്ഞു പോയി എന്ന കാരണത്താൽ പല തവണ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചു. പത്ത് ലക്ഷം രൂപ സ്ത്രീധനമായി മാതാപിതാക്കളുടെ കയ്യിൽ നിന്നും വാങ്ങിത്തരണം എന്ന് നിർബന്ധിച്ചു. മരുമകളുടെ മാതാപിതാക്കൾ താമസിക്കുന്ന വീടും സ്ഥലവും തൻ്റെ മകനായ അനൂപിൻ്റെ പേരിൽ എഴുതി നൽകണമെന്നും സത്യഭാമ നിർബന്ധിച്ചുവെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.
















