അബുദാബി ∙ മതസൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ കവാടം സമൂഹ നോമ്പുതുറയ്ക്കായി വീണ്ടും തുറന്നതിൽ ആഹ്ലാദവുമായി വിദേശികൾ. കോവിഡ് കാരണം നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രാൻഡ് മോസ്കിൽ വീണ്ടും ഇഫ്താർ ഒരുക്കുന്നത്.
ജാതിമത ഭേദമെന്യെ ദിവസേന പതിനായിരങ്ങളാണ് ഇവിടെ നോമ്പ് തുറക്കാനെത്തുന്നത്. ഇതിനു പുറമേ വ്യവസായ മേഖലയായ ഐകാർഡ് ഉൾപ്പെടെ വിവിധ ലേബർ ക്യാംപുകളിലും ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്യുന്നു. 40,000 ഇഫ്താർ പാക്കറ്റുകൾ ആണ് ഓരോ ദിവസവും വിതരണം ചെയ്യുന്നത്.
വിവിധ മതവിശ്വാസികൾ ഇഫ്താറിൽ ഒന്നിക്കുന്ന കാഴ്ച അതിഥികൾക്കും ആതിഥേയർക്കും ആഹ്ലാദമേകുന്ന കാഴ്ചയാണ്. സൗമ്യമായ കാലാവസ്ഥയിൽ മോസ്കിന്റെ അങ്കണത്തിനു ചുറ്റും പാർക്കിങ്ങിലും റോഡിലുമെല്ലാം സാഹോദര്യത്തിന്റെ പായ വിരിച്ചാണ് നോമ്പുതുറ.
വൈകി എത്തി ഇഫ്താർ പാക്കറ്റ് കിട്ടാത്തവരെ കൂടെക്കൂട്ടി പങ്കുവയ്ക്കലിന്റെ മാതൃകയാകുന്നവരുമേറെയാണ്. ബാക്കിവരുന്ന ആഹാരം പാഴാക്കാതെ വീട്ടിലേക്കു കൊണ്ടുപോകുന്നവരുമുണ്ട്. ഈത്തപ്പഴം, വെള്ളം, ജൂസ്, തൈര്, ആപ്പിൾ, സാലഡ്, ബിരിയാണി, പച്ചക്കറികൊണ്ടുള്ള കറി എന്നിവയടക്കം വിഭവസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. സാധാരണ ദിവസങ്ങളിൽ 18,000 പാക്കറ്റുകളാണ് പള്ളിയിൽ വിതരണം ചെയ്യുന്നത്. വാരാന്ത്യങ്ങളിൽ എണ്ണം കൂടും.
അബുദാബിയിൽ വൈകിട്ട് 6.34നുള്ള ഇഫ്താറിന് നാലോടെ തന്നെ ജനങ്ങളെത്തി തുടങ്ങിയിരുന്നു. നോമ്പുതുറന്ന ശേഷം മുസ്ലിംകൾ മഗ്രിബ് നമസ്കാരം നിർവഹിച്ചാണ് മടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ സേവകരുമടക്കം ആയിരത്തിലേറെ പേരാണ് യുഎഇയിലെ ഏറ്റവും വലിയ നോമ്പുതുറയ്ക്കായി പ്രവർത്തിക്കുന്നത്. സർക്കാർ സന്നദ്ധ സംഘടനകളും മതകാര്യവകുപ്പും ചേർന്നാണ് ഇഫ്താർ വിരുന്നൊരുക്കിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ