ന്യൂഡൽഹി: ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ജനുവരിയിൽ എയർ ഇന്ത്യയുടെ സ്പോട്ട് ഓഡിറ്റ് നടത്തിയതിനു ശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്.
മാർച്ച് ഒന്നിന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തൃപ്തികരമല്ലാത്ത മറുപടിയെ തുടർന്നാണ് 80 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ടുകളുടെയും തെളിവുകളുടെയും വിശകലനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസ്സിന് മുകളിലുള്ള രണ്ട് ഫ്ലൈറ്റ് ജീവനക്കാരുമായി ഫ്ലൈറ്റ് (എ) പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയെന്നും ഇത് ചട്ട ലംഘനമാണെന്നും ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പ്രതിവാര വിശ്രമം, അൾട്രാ ലോംഗ് റേഞ്ച് (ULR) ഫ്ലൈറ്റുകൾക്ക് മുമ്പും ശേഷവുമുള്ള വിശ്രമം, ക്രൂവിന് മതിയായ വിശ്രമം എന്നിവ നൽകുന്നതില് എയര്‍ ഇന്ത്യ മാനദണ്ഡം ലംഘിക്കുന്നതായി കണ്ടെത്തി.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം വര്‍ധിക്കുകയും ഇത് രേഖകളിൽ തെറ്റായി അടയാളപ്പെടുത്തുകയും ഡ്യൂട്ടി ഓവർലാപ്പുചെയ്യുകയും ചെയ്ത സംഭവങ്ങളും കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.
ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖലയിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ എൻഫോഴ്സ്മെന്റ് നടപടി അതിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണെന്നും ഡിജിസിഎ വ്യക്തമാക്കി.