ദുബായ് ∙ സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടിനെ ഇറക്കി ആർടിഎ. ജുമൈറ 3ൽ ആണ് പുതിയ നിരീക്ഷണ സംവിധാനം അവതരിപ്പിച്ചത്. ചലനങ്ങൾ തിരിച്ചറിയാനുള്ള സെൻസറുകളും വൈഡ് ക്യാമറയും ഉൾപ്പെടുന്ന റോബട് ജുമൈറയുടെ പാതയോരങ്ങളിലൂടെ നിരീക്ഷണ സഞ്ചാരം നടത്തും.
ഹെൽമറ്റ് ധരിക്കാത്തതും രണ്ടോ അതിലധികമോ ആളുകളുമായി ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതും നിരോധിത സ്ഥലത്ത് ഓടിക്കുന്നതും പാർക്ക് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ റോബട് പിടിക്കും. റോബട്ടിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യ മാസം നടത്തുക. അതുകൊണ്ട് നിയമലംഘനങ്ങൾക്ക് തൽക്കാലം പിഴയുണ്ടാകില്ല. എന്നാൽ, തെറ്റുകൾ കൃത്യമായി രേഖപ്പെടുത്തും. റോബട് സ്വയം പ്രവർത്തിക്കുമെങ്കിലും അടിയന്തര ഘട്ടങ്ങളിൽ മനുഷ്യ ഇടപെടൽ വേണ്ടി വരും. അടുത്ത 30 ദിവസം 600 മീറ്റർ ദൂരത്തിൽ റോബട് പട്രോളിങ് ഉണ്ടാകും.
പട്രോളിങ് സമയം
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11വരെയും വാരാന്ത്യങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി ഒന്നുവരെയുമാണ് ഡ്യൂട്ടി സമയം. നിലവിലെ സാങ്കേതിക സൗകര്യം അനുസരിച്ച് 2 കിലോമീറ്റർ ചുറ്റളവിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ 85% കൃത്യതയുണ്ട്. ലഭ്യമാകുന്ന വിവരങ്ങൾ ആർടിഎയ്ക്കും ദുബായ് പൊലീസിനും 5 സെക്കൻഡിനകം കൈമാറാൻ സാധിക്കും. റോബട്ടിന് 5 അടി ഉയരവും 200 കിലോ ഭാരവുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ