ന്യൂഡൽഹി: ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി (ബിജെഡി) സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. ലോക്‌സഭയിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ബിജെപി-ബിജെഡി സഖ്യമില്ലെന്ന് ബിജെപി ഒഡീഷ പ്രസിഡന്റ് മൻമോഹൻ സമലാണ് എക്‌സിലൂടെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി.ജെ.പി-ബി.ജെ.ഡി സഖ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. സഖ്യത്തെ സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്.
ദേശീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളില്‍ കഴിഞ്ഞ 10-വര്‍ഷമായി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി മോദി സര്‍ക്കാരിനെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുകയാണ്. രാജ്യത്ത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളുള്ളിടത്തെല്ലാം വികസനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇന്ന് ഒഡിഷയില്‍ മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ താഴേത്തട്ടില്‍ എത്തുന്നില്ല. അതിനാല്‍ തന്നെ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്ക് ഈ നേട്ടങ്ങള്‍ ലഭിക്കുന്നില്ല. – ഒഡിഷയിലെ ബി.ജെ.പി പ്രസിഡന്റ് മന്‍മോഹന്‍ സമാല്‍ കുറിച്ചു.
നരേന്ദ്രമോദി സർക്കാരിന് ശക്തി നൽകാൻ ബിജെപി ഒഡീഷയിലെ 21 ലോക്സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിച്ച് വിജയിക്കുമെന്നും മൻമോഹന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998 മുതൽ 2009 വരെ എൻഡിഎയുടെ ഭാഗമായിരുന്ന ബിജു ജനതാദൾ കഴിഞ്ഞ 15 വർഷമായി എൻഡിഎ സഖ്യത്തിനു പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.