കുവൈത്ത് സിറ്റി ∙ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്വീകരിച്ചു. വ്യാഴാഴ്ച രാത്രി ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അഭിവാദ്യങ്ങളും ശാശ്വതമായ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും ആശംസകളും പ്രധാനമന്ത്രി കിരീടാവകാശിയെ അറിയിച്ചു.
വിവിധ മേഖലകളിലെ വർദ്ധിച്ചുവരുന്ന സഹകരണത്തിന്റെയും, സംയോചിത പ്രവർത്തനങ്ങളുടെയും നിലവിലെ അവസ്ഥയെ കുറിച്ച് യോഗം അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഈ വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. മേഖലയിലും രാജ്യാന്തര തലത്തിലും സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ കുവൈത്ത് പ്രധാനമന്ത്രി അഭിനന്ദിച്ചു. കുവൈത്തിലെ സൗദി സ്ഥാനപതി പ്രിൻസ് സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ്, മന്ത്രിയും സൗദി കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ്, സൗദി അറേബ്യയിലെ കുവൈത്ത് സ്ഥാനപതി ഷെയ്ഖ് സബാഹ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ