അഡ്ലെയ്ഡ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ആസ്‌ട്രേലിയയും ബ്രിട്ടനും. റഫയില്‍ ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ട് പോയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ആസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ചു. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിനാവശ്യമായ സംയുക്ത പ്രസാതാവനയും പുറത്തിറക്കി.
അഡ്ലെയ്ഡില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഗസ്സയിലെ മാനുഷിക പ്രതിസന്ധിയില്‍ ഇരുരാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാരായ ഡേവിഡ് കാമറൂണും ഗ്രാന്റ് ഷാപ്സിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ബോംബാക്രമണത്തെ തുടര്‍ന്ന് 14 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സയുടെ തെക്കേ അറ്റത്ത് അഭയം തേടിയപ്പോള്‍ അവിടെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണം അഴിച്ചുവിട്ടതിനെ ഇവര്‍ ചൂണ്ടിക്കാട്ടി. ഗസ്സയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കേണ്ടതിന്റേയും ബന്ദികളെ മോചിപ്പിക്കേണ്ടതിന്റേയും സഹായം എത്തിക്കേണ്ടതിന്റേയും ആവശ്യകത ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ് തയ്യാറാക്കിയ പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ വോട്ടെടുപ്പിന് മുമ്പാണ് ആസ്‌ട്രേലിയയും യു.കെയു തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.