ന്യൂഡല്‍ഹി: ചട്ടലംഘനത്തിനു അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രഗതി മഹിളാ നഗരിക് സഹകരണ ബാങ്ക്, ജനതാ സഹകരണ ബാങ്ക്, ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, കാരാട് അർബൻ സഹകരണ ബാങ്ക്, ദി കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
നിശ്ചിത കാലയളവിനുള്ളിൽ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് അർഹമായ തുക കൈമാറാത്തതിനാലാണ് കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് പിഴ ചുമത്തിയത്. ‘നിക്ഷേപങ്ങളുടെ പലിശ’ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കാരാട് അർബൻ സഹകരണ ബാങ്കിന് പിഴ ചുമത്തിയതായി ആർബിഐ അറിയിച്ചു.
ബുള്ളറ്റ് തിരിച്ചടവ് സ്കീമിന് കീഴിൽ നിശ്ചിത നിയന്ത്രണ പരിധിയിൽ കൂടുതൽ സ്വർണവായ്പ അനുവദിച്ചതിനും നാമമാത്ര അംഗങ്ങൾക്ക് നിശ്ചിത നിയന്ത്രണ പരിധിയിൽ കൂടുതൽ വായ്പ അനുവദിച്ചതിനും ആണ് ജനതാ സഹകാരി ബാങ്കിന് പിഴ ചുമത്തിയത്.
കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് 26.60 ലക്ഷം രൂപാണ് പിഴ. കാരാട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് 13.30 ലക്ഷം രൂപയും ജനതാ സഹകരണ ബാങ്കിന് അഞ്ച് ലക്ഷം രൂപയും പ്രഗതി മഹിളാ നാഗരിക് സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആണ് പിഴ ചുമത്തിയിരിക്കുന്നത്.