തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യേണ്ടത് എല്ലാ പൗരന്മാരുടെ കടമ; പക്ഷെ ആരെയും നിർബന്ധിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യേണ്ടത് രാജ്യത്തെ എല്ലാ പൗരന്മാരുടേയും കടമയാണെങ്കിലും അതിനായി അവരെ നിര്‍ബന്ധിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തുവെന്നതിന്റെ തെളിവ് എല്ലാ തൊഴിലാളികളോടും ആവശ്യപ്പെടാന്‍ തമിഴ്‌നാട്ടിലെ തൊഴിലുടമകളോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

അഭിഭാഷകനായ ബി. രാംകുമാര്‍ ആദിത്യനാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.  പൊതുതാത്പര്യ ഹര്‍ജിയില്‍ ഉന്നയിച്ചത് ‘വിചിത്രമായ പ്രശ്‌ന’മാണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇത്തരമൊരു ഉത്തരവ് ഇറക്കാന്‍ നിലവില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപുര്‍വാല, ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 

സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ അടച്ചിടുമെങ്കിലും തൊഴിലാളികള്‍ പോളിങ് ബൂത്തില്‍ പോയി വോട്ട് ചെയ്യുന്നതിന് പകരം അവധി ദിവസം പോലെ ആഘോഷിക്കുകയാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികളോട് വോട്ടിങ് സ്ലിപ്പോ മറ്റ് തെളിവുകളോ നിര്‍ബന്ധമായി ചോദിക്കണം എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

 
‘വോട്ട് ചെയ്യുക എന്ന വിലയേറിയ അവകാശംവിനിയോഗിക്കാതിരിക്കാനാണ് ഒരാള്‍ തീരുമാനിക്കുന്നതെങ്കില്‍ അയാളെ അതിന് നിര്‍ബന്ധിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടെടുപ്പ് ദിനത്തില്‍ ശമ്പളത്തോടെ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ പോലും അതിന് കഴിയില്ല. വോട്ട് ചെയ്യാനായി ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് നിര്‍ബന്ധിക്കാന്‍ കഴിയുക? അത് പൗരന്മാരുടെ കടമയാണ്. പക്ഷേ നിയമപരമായി നിര്‍ബന്ധമാക്കിയ കാര്യമല്ല.’ -മദ്രാസ് ഹൈക്കോടതി പറഞ്ഞു.

Latest News