കോഴിക്കോട്: കോൺഗ്രസിനെയും ബിജെപിയേയും കടന്നാക്രമിച്ച് സിപിഎം പൗരത്വ സംരക്ഷണ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആര്‍എസ്എസ് നിലപാടാണ് ഇതിന് പിന്നിൽ. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനം. ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിമർശിച്ചു.
ഒരു പരിഷ്കൃത രാജ്യത്തിന് ചേരാത്ത സമീപനം സ്വീകരിക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറി.ലോക രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യ ഒറ്റപ്പെട്ടു. മതം അടിസ്ഥാന മാക്കി ഒരു ഭരണഘടന മാറ്റവും ഉണ്ടായിരുന്നില്ല. വാജ്പേയ് ആദ്യമായി അനധികൃത കുടിയേറ്റമെന്ന വാക്ക് നിയമ ഭേദഗതിയിൽ കൊണ്ട് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൗലികാവകാശം ഹനിക്കുന്ന നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമില്ല. നിയമത്തിന് മുന്നിൽ തുല്യത ഭരണഘടന ഉറപ്പ് നൽകുന്നതാണ്. ഭരണഘടന പൗരന് മാത്രമല്ല എല്ലാ വ്യക്തികൾക്കും ആണ് പരിരക്ഷ ഉറപ്പ് നൽകിയത്. മതപരമായ വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ല. കുടിയേറിയവരെ മുസ്ലീങ്ങൾ എന്നും അമുസ്ലിം എന്നും വിഭജിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മതപരമായ വിവേചനത്തെ നിയമപരമാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് സിഎഎ. ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന ഒന്നാണ് സിഎഎ. ഇതും എൻആര്‍സിയുമൊന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതിൽ സര്‍ക്കാര്‍ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്താണ് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണ്. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നേരത്തെ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. അനേക കോടി ജനങ്ങൾ ആശങ്കയിൽ ആണ് കഴിയുന്നത്. ഇന്നലെ വരെ ജീവിച്ചത് പോലെ ജീവിക്കാൻ ഇനി കഴിയുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. നിങ്ങൾ ഒറ്റയ്ക്കല്ല, നമ്മൾ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇത്തരം പരിപാടികളിലൂടെ നൽകുന്നത്. പ്രതിപക്ഷത്തെ പോലും ഒന്നിച്ച് ചേർത്താണ് നേരത്തെ പ്രതിഷേധിച്ചത്. എന്നാൽ ചില വ്യത്യസ്തതകൾ പിന്നീട് വന്നു. നേരത്തെ യോജിച്ച ചിലർ യോജിപ്പിന് സന്നദ്ധരല്ലെന്ന് അറിയിച്ചു. കോൺഗ്രസ് പാർട്ടി പിന്നീട് നിലപാട് മാറ്റി. നിയമസഭാ പ്രമേയത്തെ കോൺഗ്രസിന്റെ പ്രധാന നേതാവ് തന്നെ പരിഹസിച്ചു. മുഖ്യമന്ത്രി നടപ്പാക്കില്ല എന്ന് പറഞ്ഞാൽ കേന്ദ്ര നിയമത്തിന് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു. ഇവിടെ ആശങ്കയിൽ കഴിയുന്ന ജന കോടികളെ ഓർക്കേണ്ടതായിരുന്നില്ലേ? കെപിസിസി പ്രസിഡന്റ് ഇത്തരത്തിൽ ഒരു നിലപാട് എടുത്തത് എന്തിനെന്ന് അന്നും ഇന്നും മനസിലായില്ല. ഒന്നിച്ച് പ്രമേയം പാസാക്കി, ഒന്നിച്ച് പ്രതിഷേധിച്ചിട്ടും പിന്നീട് നിലപാട് മാറ്റിയതിൽ അഖിലേന്ത്യ നേതൃത്വത്തിന്റെ അറിവുണ്ടെന്നല്ലേ കരുതേണ്ടത്? യോജിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത പലർക്കെതിരെയും കോൺഗ്രസ് നടപടി എടുത്തുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2014 ഡിസംബർ 31 നോ അതിന് മുൻപോ രാജ്യത്ത കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുമെന്ന് പറഞ്ഞെങ്കിലും 6 ന്യൂന പക്ഷ വിഭാഗങ്ങൾക്ക് മാത്രമാണത്. 2019 ലാണ് പൗരത്യ നിയമഭേദഗതി പാസാക്കുന്നത്. മുസ്ലീങ്ങൾ അടക്കമുള്ള മറ്റ് വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ പോലും നൽകാനാവില്ല.ഇവരെ ഈ നിയമത്തിന് പുറത്ത് നിർത്തിയിരിക്കയാണ്.റോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്തണം എന്ന നിലപാടിലാണ് കേന്ദ്രംകുടിയേറിയവരുടെ പൗരത്വത്തെ ഇല്ലാതാക്കലാണ് ലക്ഷ്യം.മതനിരപേക്ഷതക്ക് ചേരാത്തത്. നഗ്നമായ ഭരണഘടന ലംഘനമാണിത്. ഒരു രാജ്യത്തും അഭയാർത്ഥി കുടിയേറ്റത്തെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് കാണാറില്ല.എന്നാൽ ഈ തെറ്റ് അമേരിക്കയ്ക്ക് പോലും തള്ളിപ്പറയേണ്ടി വന്നു. അമേരിക്കയുടെ ഇഷ്ടതോഴനായ മോദി അമേരിക്കയുടെ എല്ലാ നിലപാടിനേയും അംഗീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു മുന്നും ഭരണം കിട്ടിയപ്പോൾ ആർഎസ്എസ് സമാന അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ ചെയ്യുന്നത്. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യം. ഇത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. ഈ ഒരു വേർതിരിവ് കൊണ്ടുവരുന്നത് കൊണ്ട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ കുറ്റക്കാരാവുകയാണ്. അതിനാലാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ഈ നിയമത്തിനെതിരെ എതിർപ്പ് അറിയിക്കേണ്ടി വന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പോലും നിയമത്തിന് എതിരായി നിലപാടെടുത്തു. ഇതോടെ നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിലപാട് എടുക്കുന്ന രാജ്യമായി ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നു. പൗരത്വ നിയമത്തിൽ പല ഭേദഗതികളും മുൻപ് വന്നിട്ടുണ്ട്. അന്നൊന്നും പൗരത്വത്തിന് മതം അടിസ്ഥാനമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.