തിരുവനന്തപുരം: മോദിസർക്കാർ രാജ്യത്തു നടത്തിയ വികസന പ്രവർത്തനങ്ങൾക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വീണ്ടും നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോൾ വികസന തുടർച്ചയുണ്ടാകും. തിരുവനന്തപുരത്തിനും അതിൻ്റെ ഗുണമുണ്ടാകാൻ ഇവിടെയും ബി ജെ പി ജയിക്കണം. നെയ്യാറ്റിൻകരയിൽ എൻ.ഡി.എയുടെ തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം ഭാരവാഹികളുടെ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും ദിവസങ്ങളിൽ ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പ്രവർത്തകരോട് നിർദ്ദേശിച്ചു. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ബൂത്ത് ഭാരവാഹികൾ ബൂത്ത് തലത്തിൽ വോട്ടുകൾ നഷ്ടപെടാതെ ഉറപ്പാക്കണം. നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കണം വിജയിക്കുന്നയാൾ കേന്ദ്രമന്ത്രിയായി വികസന പ്രവർത്തനങ്ങൾ നടത്തണോ അതോ, വെറും എം.പിയായി പ്രതിപക്ഷത്തിരിക്കുന്നയാൾ വേണമോയെന്നത് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് ഒ. രാജഗോപാൽ,ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊ: വി.ടി.രമ, സംസ്ഥാന വക്താവ് പാലോട് സന്തോഷ്,സെൽ കോഡിനേറ്റർ കുളനട അശോകൻ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ബിജെപി നേതാക്കളായ തമ്പാനൂർ സതീഷ്, പൂജപ്പുര മഹേശ്വരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.