മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.
വെള്ളിയാഴ്ച മോസ്കോക്ക് സമീപമുള്ള ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണമുണ്ടായത്. പരിപാടി നടക്കുന്ന ഹാളിലേക്ക് എത്തിയ അഞ്ച് ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങളുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തുവെന്ന് റിപ്പോർട്ടുണ്ട്.
ആയുധധാരികൾ ഹാളിൽ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പ്രശസ്ത റഷ്യൻ റോക്ക് ബാൻഡായ പിക്നിക്കിന്റെ പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. 6,200 പേരാണ് ഹാളിലുണ്ടായിരുന്നത്. നിരവധിപേർ ഹാളിൽ കുടുങ്ങി. കെട്ടിടത്തിന് തീ പിടിച്ച് മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു. ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ചാണ് തീയണച്ചത്. പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചു.
മോസ്കോ ഗവര്‍ണ്ണര്‍ ആന്ദ്രേ വോറോബിയോവ് സംഭവസ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. റഷ്യയിലെ യു.എസ് എംബസി ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 48 മണിക്കൂറില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കാനും യു.എസ് ആളുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ പിടിക്കാന്‍ പ്രത്യേക സേന ഓപ്പറേഷന് ആരംഭിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.