തെൽ അവീവ്: ഗസ്സയിൽ ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി ചർച്ച തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ഇസ്രായേലിലെത്തി. സൗദി, ഈജിപ്ത് സന്ദർശിച്ച് അറബ് വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇസ്രായേലിലെത്തിയത്.
ഈജിപ്ത്, ജോർഡൻ, സൗദി, ഖത്തർ, യു.എ.ഇ വിദേശകാര്യ മന്ത്രിമാരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സ യുദ്ധം ആരംഭിച്ചശേഷം ആറാം തവണയാണ് അദ്ദേഹം പശ്ചിമേഷ്യ സന്ദർശിക്കുന്നത്.
വൻ മാനുഷിക ദുരന്തത്തിന് കാരണമാകുന്ന റഫ ആക്രമണം ഒഴിവാക്കാൻ ബദൽ നിർദേശം സമർപ്പിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു. ഇസ്രായേൽ റഫയിൽ കരയുദ്ധം നടത്തുന്നത് തെറ്റായ തീരുമാനമാകുമെന്നും ഹമാസിനെ കീഴ്പ്പെടുത്താൻ റഫ ആക്രമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹമാസിന് ഗസ്സയിൽ ഏറ്റവും സ്വാധീനം അവശേഷിക്കുന്ന ഭാഗം റഫയാണെന്നും റഫയിൽ കരയുദ്ധം നടത്താതെ ഹമാസിനെ തുടച്ചുനീക്കാൻ കഴിയില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു.