തിരുവനന്തപുരം: സർക്കാർകോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വീണ്ടും വിവാദത്തിൽ. യു.ജി.സി. യോഗ്യതാചട്ടം അട്ടിമറിച്ച് ഏഴ് അധ്യാപകരെ പ്രിൻസിപ്പൽതസ്തികയിൽ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം.
2017-’18 കാലയളവിൽ സീനിയോറിറ്റി മാനദണ്ഡംമാത്രം അടിസ്ഥാനമാക്കി 12 അധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് ചോദ്യംചെയ്ത് ഒരു വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. സി.പി.എം. അനുകൂല സംഘടനയായ എ.കെ.ജി.സി.ടി.യുടെ ജനറൽ സെക്രട്ടറി ഡോ. കെ.കെ. ദാമോദരൻ ഉൾപ്പെടെയുള്ളവർ നിയമിക്കപ്പെട്ടവരിലുണ്ടായിരുന്നു.
12 പേരെ ട്രിബ്യൂണൽ അയോഗ്യരാക്കി. അവർ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂലവിധി ലഭിച്ചില്ല. ഈ വിധി നടപ്പാക്കാത്തതിനാൽ സർക്കാരിനെതിരേ ഡോ. ബാബു എസ്. എന്ന അധ്യാപകൻ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന്, അദ്ദേഹത്തെയും മറ്റു 12 പേരെയും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പുനടപടികൾ പൂർത്തിയാക്കി. അതിൽ ബാബു ഉൾപ്പടെ 10 പേരെ നിയമിച്ചു. ഇതിൽ യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത ഏഴുപേരുണ്ടെന്നാണ് ഇപ്പോഴത്തെ വിവാദം. യു.ജി., പി.ജി. വിദ്യാർഥികളുടെ പ്രോജക്ട് ഗൈഡ് ചെയ്ത അധ്യാപകരെ സർവകലാശാലാ അംഗീകൃത റിസർച്ച് ഗൈഡുകളായി കണക്കാക്കി നിയമനം നൽകിയെന്നാണ് ആക്ഷേപം. ഇങ്ങനെ, യോഗ്യതാചട്ടം അട്ടിമറിച്ചെന്നാണ് വിമർശനം.
നേരത്തേയുള്ള പട്ടികയിൽ തഴയപ്പെട്ട, സർവകലാശാലാ റിസർച്ച് ഗൈഡ് അല്ലാത്തവർ ഇനി അവകാശവാദവുമായി വന്നാൽ പ്രിൻസിപ്പൽനിയമനം വീണ്ടും നിയമക്കുരുക്കിലേക്കു നീങ്ങാനാണ് സാധ്യത. ഏഴുപേരെ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
















