ഭൂമിയിൽ ഒരേ ഒരു സ്വർഗ്ഗമേ ഉള്ളു അത് കാശ്മീരാണ്. കാശ്മീരിൽ ഏത് തരത്തിലുള്ള മനുഷ്യർക്കും ആസ്വദിക്കാൻ പറ്റുന്ന ഇടമാണ്. തീർഥാടനമോ ട്രക്കിങ്ങോ ഹൈക്കിങ്ങോ എന്തുമാവട്ടെ കാശ്മീർ റെഡിയാണ്… എന്നാൽ ഇവിടെ എത്തുന്ന മിക്ക സഞ്ചാരികളും അറിയാതെയാണെങ്കിലും വിട്ടുപോകുന്ന ഒന്നാണ് സൂര്യാസ്തമയ കാഴ്ചകൾ. മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന ഇവിടെ സൂര്യാസ്തമയ കാഴ്ചകൾ ഒരു ആഡംബരമാണെങ്കിലും ഒരവസം കിട്ടിയാൽ അത് കാണാതെ പോരരുത്. ഈ നാടിനെ പോലെ തന്നെ അത്രയധികം ഭംഗിയായിരിക്കും ഇവിടുത്ത സൂര്യോദയത്തിനും അസ്തമയത്തിനും ഒക്കെ.ഇതാ കാശ്മീരിൽ സൂര്യാസ്തമയം കാണുവാൻ സാധിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.
ദാൽ തടാകം
കാശ്മീരിനറെ സൗന്ദര്യം പ്രതിഫലിച്ചു കാണാൻ സാധിക്കുന്ന ഇടമാണ് ദാൽ തടാകം. ദാലിലിറങ്ങാതെ ഒരു കാശ്മീർ യാത്രയും പൂർത്തിയാവില്ല. കാശ്മീരിന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്ന ദാലിൽ ഷിക്കാര തടാകത്തിലൂടെയുള്ള യാത്രയും തടാകക്കരയിലെ കാഴ്ചകളും ഇവിടേക്ക് ആകർഷിക്കുവാൻ പോന്ന കാര്യങ്ങളാണ്. ദാൽ യാത്രയിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒന്ന് സൂര്യാസ്തമയ കാഴ്ചയാണ്. ഹിമാലയൻ മല നിരകളുടെ പശ്ചാത്തലത്തിൽ സൂര്യനിറങ്ങി പോകുന്ന കാഴ്ച ഇവിടെ നിന്നും മനോഹരമായി ആസ്വദിക്കുവാൻ കഴിയും.
ഗുൽമാർഗ്
കാശ്മീരിലെത്തിയാൽ സൂര്യാസ്തമയം പോയിട്ട് സൂര്യനെ തന്നെ കാണുന്നത് ഭാഗ്യമാണ്. അങ്ങനെ ഒരിക്കലെങ്കിലും ഗുൽമാർഗിൽ വെച്ച് സൂര്യാസ്തമയം കണ്ടാൽ ഭാഗ്യം എന്നു കൂട്ടാം. പൂക്കളുടെ മേട് എന്നറിയപ്പെടുന്ന ഇവിടം മഞ്ഞിലും പൂ വിരിഞ്ഞ് നിൽക്കുന്ന ഒരു കാഴ്ചയുണ്ട്. സ്കീയിങ്ങിനും മഞ്ഞിലെ മറ്റു വിനോദങ്ങൾക്കും ഒക്കെയാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിരിക്കുന്നത്. കാശ്മീരിൽ തീർച്ചയായായും സന്ദർശിച്ചിരിക്കേണ്ട ഒരിടം കൂടിയാണിത്.
സോന്മാർഗ്
സ്വർണ്ണത്തിന്റെ നാടാണ് സോന്മാർഗ്. വിവിധ ഇടങ്ങളിലേക്കുള്ള ട്രക്കിങ്ങ് റൂട്ടുകളും കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന പൂക്കളുമാണ് ആ നാടിന്റെ കാഴ്ചകൾ. എവിടെ നോക്കിയാലും മനസ്സിലും മിഴിയിലും ഒരുപോലെ തങ്ങി നിൽക്കും ഇവിടുത്തെ കാഴ്ചകൾ. ജൂൺ മുതൽ ഒക്ടോബർ വരെയും ഡിസംബർ, ജനുവരി മാസങ്ങളുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
കുപ്വാര
കാശ്മീരിന്റെ സൗന്ദര്യത്തിന്റെ പര്യായമാണ് കുപ്വാര. എന്നിരുന്നാലും ഭീകരാക്രമണങ്ങളുടെയും ഭീകരതയുടെയും ഒക്കെ പേരിലാണ് ഇവിടം കൂടുതലും അറിയപ്പെട്ടിരുന്നത്. ഇന്ന് സ്ഥിതി ഗതികൾക്ക് ഒട്ടേറെ മാറ്റമുണ്ടെങ്കിലും ഇവിടം ഇന്ന് സഞ്ചാരികളുടെ പ്രിയ ഇടമാണ്. ശ്രീ നഗറിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ഇവിടം തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.
പഹൽഗാം
സ്വർഗ്ഗത്തിന്റെ നേർചിത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് പഹൽഗാം. സമുദ്ര നിരപ്പിൽ നിന്നും 2740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കാടുകളാലും തടാകങ്ങളാലും പൂക്കളാലും ഒക്കെ നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ്. ലിഡെർ നദിയുടെ തീരത്തെ ഈ ഗ്രാമം ചരിത്രം കൊണ്ടും കഥകള്‍ കൊണ്ടും ഒക്കെ സമ്പന്നമായ പ്രദേശമാണ്. ഭൂമിയിൽ വരച്ചു ചേർത്ത സ്വർഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നത്. അരു, ശേഷാംഗ് എന്നീ നദികളുടെ സംഗമസ്ഥലമാണ് പഹല്‍ഗാമിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്.
വിസ്റ്റാഡോം കോച്ച്
കാശ്മീരിന്‍റെ അതിമനോഹരമായ ഭൂപ്രകൃതിയും മറ്റു കാഴ്ചകളും സാധ്യമാകുന്ന വിസ്റ്റാഡോം കോച്ച് ട്രെയിന്‍ ഇപ്പോൾ കാശ്മീർ യാത്രയിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നായ ഇവിടെ വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച അനുഭവങ്ങളും കാഴ്ചകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കാശ്മീരിന്‍റെ സൗന്ദര്യം കാണാൻ ഇതിലും മികച്ച യാത്രയില്ലത്രെ.
ട്രെയിന്‍ നമ്പർ 04687/04688 ബുഡ്ഗാം-ബനിഹാൽ-ബഡ്ഗാം ട്രെയിനിൽ ആണ് ഒരു വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് പരമാധി കാഴ്ച ആസ്വദിക്കാന്‍ പാകത്തിൽട്രെയിനിന്‍റെ മധ്യഭാഗത്താണ് വിസ്റ്റാഡോം കോച്ച് സ്ഥാപിച്ചിരിക്കുന്നത്. ബനിഹാൽ- ബുദ്ഗാം റൂട്ടിൽ ഒരുവശത്തേയ്ക്ക് 90 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഒന്നര മണിക്കൂർ നീളുന്ന ഈ യാത്രയിൽ കാശ്മീരിലെ തന്നെ ഏറ്റവും മനോഹരമായ കുറേയധികം കാഴ്ചകൾ കാണാന് സാധിക്കും.
ഈ റൂട്ടിലെ ഏക ട്രെയിനായ ഇത് ആഴ്ചയിൽ ഏഴ് ദിവസവും സർവീസ് നടത്തും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ നാല് റെയിൽലേ സ്റ്റേഷനുകളിൽ നിർത്തും. ബുദ്ഗാമിനും ബനിഹാലിനും ഇടയിലുള്ള യാത്രയിലും തിരിച്ചും പ്രത്യേക ട്രെയിൻ നാല് റെയിൽവേ സ്റ്റേഷനുകളിൽ നിർത്തും. ശ്രീനഗർ, അവന്തിപുര, അനന്ത്നാഗ്, ഖാസിഗുണ്ട് സ്റ്റേഷൻ എന്നിവയാണിവ.
ട്രെയിൻ നമ്പർ 04687/04688ബുഡ്ഗാമിൽ നിന്ന് 09:10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 1:05 ന് ബനിഹാലിലെത്തും. മടക്കയാത്രയിൽ ബനിഹാലിൽ നിന്ന് 16:50 ന് പുറപ്പെടുന്ന ട്രെയിൻ 18:35 ന് ബുദ്ഗാമിൽ എത്തിച്ചേരും. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ മുൻഗണനകൾ കണക്കിലെടുത്താണ് ഈ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നതെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
വിസ്റ്റാഡോം കോച്ചിൽ 31 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ബുദ്ഗാം, ബനിഹാൽ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ 940 രൂപ യാത്രക്കാർ നൽകണം. റൗണ്ട് ട്രിപ്പിന് ഒരാൾക്ക് 1880 രൂപയാണ് നിരക്ക്.
വിസ്റ്റാഡോം കോച്ച് പ്രത്യേകതകൾ
യാത്രയും കാഴ്ചയും ഒരുപോലെ സുഖകരമാകുന്ന സൗകര്യങ്ങളാണ് വിസ്റ്റാഡോം കോച്ചിൽ ഒരുക്കിയിരിക്കുന്നത്. തൊട്ടടുത്തു നിന്നു കാണാൻ സാധിക്കുന്ന വിധത്തിൽ കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന വിസ്റ്റാഡോം കോച്ച് സഞ്ചാരികൾക്കും യാത്രക്കാർക്കും പുത്തൻ കാഴ്ചകളാണ് നല്കുക. കാശ്മീർ താഴ്വരയിലെ കിടിലൻ കാഴ്ചകളും ആംബിയൻസും ആഘോഷിക്കാൻ താല്പര്യമുള്ളവർക്ക് ഈ യാത്ര ആസ്വദിക്കാം.
പുറത്തെ കാഴ്ചകള്‍ പരമാവധി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള നീണ്ട ജനാലകൾ, നിയന്ത്രിത ഓപലെസെൻസുള്ള ഗ്ലാസ് ലുക്കൗട്ടുള്ള മേൽക്കൂര, കറക്കാവുന്ന സീറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, സെറാമിക് ടൈൽ ഫ്ലോറിംഗ് ഉള്ള ടോയ്‌ലറ്റുകളും എല്ലാ ഫിറ്റിംഗുകളുമുള്ള ഭിത്തി, 360 ഡിഗ്രീ കറങ്ങുന്ന റൊട്ടേറ്റിങ് ചെയർ, എല്‍ഇഡി ഡിസ്പ്ലേ, ജിപിഎസ്, ലഗേജ് റാക്ക് തുടങ്ങിയ നിരവധി സൗകര്യങ്ങളും സുരക്ഷകളും യാത്രയ്ക്കായി ഒരുക്കിയിട്ടുണ്ട്.