കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് 2026 യോഗ്യത മത്സരത്തിൽ ഫലസ്തീന് തകർപ്പൻ ജയം. ബംഗ്ലാദേശിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകർത്ത ഫലസ്തീൻ ശുഭപ്രതീക്ഷകൾ നിലനിർത്തി. വ്യാഴാഴ്ച രാത്രി കുവൈത്ത് സിറ്റിയിലെ ജാബിർ അൽ അഹ്മദ് ഇനറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഫലസ്തീന്റെ പ്രകടനം. ഫലസ്തീനായി ഷഹീബ് കുൻബർ ഇരട്ടഗോൾ നേടിയപ്പോൾ ഒഡേ ദബ്ബാഗ് ഹാട്രിക് നേടി. 43ാം മിനിറ്റിൽ ദബ്ബാഗിലൂടെ ഫലസ്തീൻ ആദ്യ ഗോൾ നേടി. തൊട്ടു പിറകെ കുൻബറും ഗോൾ നേടി ആദ്യ പകുതി പിരിഞ്ഞു.
രണ്ടാം പകുതിയിൽ ദബ്ബാഗ് രണ്ടു ഗോളുകളും കുൻബർ ഒരു ഗോളും നേടി ഫലസ്തീൻ ഗോൾ പട്ടിക അഞ്ച് തികച്ചു. വ്യാഴാഴ്ചയിലെ വിജയത്തോടെ ആസ്ട്രേലിയ, ലബനാൻ,ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ‘ഗ്രൂപ് ഐ’യിൽ ഫലസ്തീൻ രണ്ടാം സഥാനത്തേക്ക് കയറി. ചൊവ്വാഴ്ച രണ്ടാം പാദമത്സരത്തിൽ ഇരുടീമുകളും ധാക്കയിൽ ഏറ്റുമുട്ടും. ഫലസ്തീനിൽ നിശ്ചയിച്ചിരുന്ന മത്സരം ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് മാറ്റുകയായിരുന്നു. നവംബർ 21ലെ ഫലസ്തീൻ-ആസ്ട്രേലിയ മത്സരവും കുവൈത്തിലാണ് നടന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ