കുവൈത്ത് സിറ്റി: സമനില പ്രതീക്ഷിച്ച് പിടിച്ചു നിന്ന കുവൈത്തിന് രണ്ടാം പകുതിയിൽ അടി പതറിയപ്പോൾ ഖത്തറിനോട് തോൽവി. ഖത്തറിൽ നടന്ന ലോകകപ്പ് 2026 -ഏഷ്യൻ കപ്പ് 2027 യോഗ്യത മത്സരത്തിൽ മൂന്നു ഗോളിന് കുവൈത്ത് കീഴടങ്ങി. വ്യാഴാഴ്ച രാത്രി ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്റെ മൂന്ന് ഗോളുകൾ. അക്രം അഫീസിന്റെ ഇരട്ട ഗോളുകളും ഹുസാം അൽ റാവിയുടെ ഒരു ഗോളുമാണ് കുവൈത്തിന്റെ പ്രതീക്ഷകളെ തകർത്തത്.
ഒന്നാം പകുതി ഗോൾരഹിതമാക്കുന്നതിൽ കുവൈത്ത് വിജയിച്ചെങ്കിൽ രണ്ടാം പകുതിയിൽ കളി കൈവിട്ടു. ഖത്തറിന്റെ വിങ്ങിൽ നിന്നും മുഹമ്മദ് വാദ് തൊടുത്ത ലോങ് ബാൾ ക്ലിയർ ചെയ്യാൻ മറന്ന കുവൈത്ത് പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് അക്രം ആദ്യ ഗോൾ നേടി. 51ാം മിനിറ്റിൽ അഹ്മദ് ഹുസാം അൽ റാവി രണ്ടാം ഗോൾ നേടി. 68ാം മിനിറ്റിൽ അഫീഫ് മൂന്നാം ഗോൾ നേടി ഖത്തറിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. വ്യാഴാഴ്ചയിലെ തോൽവിയോടെ ഇന്ത്യയും, അഫ്ഗാനിസ്താനും കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽ കുവൈത്ത് മൂന്നാം സ്ഥാനത്തായി. ചൊവ്വാഴ്ച രണ്ടാം പാദമത്സരത്തിൽ കുവൈത്തും ഖത്തറും കുവൈത്തിൽ ഏറ്റുമുട്ടും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ