മനാമ: ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ ശ്രമഫലമായി രാജീവൻ നാട്ടിലെത്തി. കാർപെന്ററായി ജോലി ചെയ്തിരുന്ന രാജീവന് 2023 ഡിസംബർ നാലിനാണ് അപകടം സംഭവിച്ചത്. സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നുവീണ് നട്ടെല്ലിൽ സ്റ്റീൽ കുത്തിക്കയറി അരക്കുകീഴെ ചലനശക്തി നഷ്ടപ്പെട്ടിരുന്നു. മൂന്നരമാസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം തുടർചികിത്സക്കായി കണ്ണൂരിലുള്ള തണൽ ചികിത്സകേന്ദ്രത്തിലേക്ക് യാത്രയായത്. മനസ്സും ശരീരവും തളർന്ന അവസ്ഥയിൽ നിന്നും കഴിഞ്ഞ ദിവസം വീൽ ചെയറിൽ യാത്രയായപ്പോൾ അത് കരുണവറ്റാത്ത ഒരു കൂട്ടം സാമൂഹിക പ്രവർത്തകരുടെ നിരന്തര ശ്രമങ്ങളുടെ പരിസമാപ്തി കൂടിയായിരുന്നു. ആശുപത്രിയിലെ മൂന്നര മാസവും ഹോപ്പിന്റെ കരുതൽ രാജീവനുണ്ടായിരുന്നു. ഭക്ഷണം നൽകാനും, വീൽ ചെയറിൽ യാത്ര ചെയ്യാൻ പര്യാപ്തമാകുംവിധം തുടർച്ചയായി ഫിസിയോതെറപ്പി നൽകാനും, കൂടാതെ കുടുംബത്തിന്റെ ദുരിതാവസ്ഥ മനസ്സിലാക്കി അംഗങ്ങളിൽനിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ നൽകാനും ഹോപ്പിന് സാധിച്ചു. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, പുഷ്പരാജൻ, ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രാജീവന് കമ്പനിയിൽനിന്നും ഇൻഷുറൻസിൽനിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബഹ്റൈനിലെ സാമൂഹികപ്രവർത്തകരുടെ നിരന്തര ഇടപെടലും ഫലം കണ്ടു. കമ്പനി ഉടമ, ഗോസി, മെഡിക്കൽ കമീഷൻ, സൽമാനിയ ഹോസ്പിറ്റൽ, ഇന്ത്യൻ എംബസി തുടങ്ങി എല്ലാവരുമായും നിരന്തരം ഇടപെട്ടു. മെഡിക്കൽ കമീഷന്റെ പരിശോധനയിൽ രാജീവൻ 95 ശതമാനം ഡിസേബിളാണെന്ന് കണ്ടെത്തുകയും 8275 ദീനാർ ഇൻഷുറൻസ് തുക അനുവദിക്കുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ഹെഡ് സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ് പ്രതിനിധികളായ കെ.ടി. സലിം, സുബൈർ കണ്ണൂർ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കണ്ണൂർ എയർപോർട്ടിൽനിന്നും നോർക്കയുടെ ആംബുലൻസിൽ രാജീവനെ തണൽ സെന്ററിലെത്തിച്ചു. തണലിൽ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ കാര്യങ്ങൾ സാമൂഹിക പ്രവർത്തകനായ നജീബ് കടലായി ഏകോപിപ്പിച്ചു.
രാജീവൻ സുരക്ഷിതമായി നാട്ടിൽ എത്തിച്ചേർന്ന് തുടർചികിത്സ ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഇതിനോട് സഹകരിച്ച എയർ ഇന്ത്യ അധികൃതർ, അദ്ദേഹത്തെ ചികിത്സിച്ച സൽമാനിയ ഹോസ്പിറ്റലിലെയും ജിദ്ദാഫ്സ് ഹോസ്പിറ്റലിലെയും ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്സ്, ഇൻഷുറൻസ് കാര്യങ്ങൾക്ക് സഹകരിച്ച ഗോസി, മെഡിക്കൽ കമീഷൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഇതിനോടെല്ലാം സഹകരിച്ച കമ്പനി ഉടമ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ