ചെന്നൈ:വേനലവധിക്കാല പ്രത്യേക തീവണ്ടി കേരളത്തിന് അനുവദിക്കാതെ റെയിൽവേ.ദീർഘദൂര റൂട്ടുകൾക്കാണ് പ്രാധാന്യം നൽകുന്നത്.വേനലവധിയും ഈസ്റ്റര്‍, റംസാന്, വിഷു ആഘോഷവും അടുത്തെത്തിയെങ്കിലും ഇതുവരെയും അനുവദിച്ചിട്ടില്ല.
ഈ റൂട്ടുകളില്‍ തീവണ്ടികള്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ ന്യായീകരണം. രണ്ടോ മൂന്നോ ദിവസം യാത്രചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുന്ന റൂട്ടുകളിലേക്കാണ് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കുന്നത്.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്കും തിരുനെല്‍വേലി, നാഗര്‍കോവില്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കുമായി 22-ഓളം തീവണ്ടികള്‍ അനുവദിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലേക്കാണ് 90 ശതമാനം തീവണ്ടികളും അനുവദിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ചില്‍തന്നെ ഏപ്രില്‍, മേയ് മാസത്തിലേക്കുള്ള പ്രത്യേക തീവണ്ടികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ദീര്‍ഘദൂര റൂട്ടുകളില്‍ പ്രാധാന്യം നല്കുന്നതിനാല് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ കോച്ചുകളില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
ഉത്തരേന്ത്യയിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചാല്‍ മണിക്കൂറുകള്‍ക്കകം തീവണ്ടികളിലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിയും. ടിക്കറ്റെടുക്കുന്നവരില്‍ ഭൂരിഭാഗവും യാത്രതുടങ്ങുന്ന റെയില്‍വേ സ്റ്റേഷനില്‍നിന്ന് കയറി തീവണ്ടി യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനില്‍ ഇറങ്ങുന്നവരാണ്.
അതിനാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.വരുമാനത്തിന് പ്രധാന്യം നല്‍കിക്കൊണ്ടുമാത്രമാണ് പ്രത്യേക തീവണ്ടി അനുവദിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലും ഉത്തരേന്ത്യയിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിട്ടുണ്ട്