കെ.എസ്.ആര്‍.ടി.സി പെട്രോള്‍ പമ്പ് തുടങ്ങിയത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം എത്തിക്കാന്‍ ഓടുന്ന ടാങ്കറുകളിലെ ജീവനക്കാര്‍ക്ക് അതൊരു ദുരിതമാണ് വിതച്ചത്. എറണാകുളം സ്വദേശികളായ രണ്ടുപേരാണ് കെ.എസ്.ആര്‍.ടി.സി ടാങ്കറുകള്‍ ഓടിക്കുന്നവര്‍. ഇവരുടെ ഡ്യൂട്ടി തന്നെ ഇന്ധനം എത്തിക്കുക എന്നതാണ്. അതായത്, ടാങ്കറുമായി ഇന്ധനം നിറയ്ക്കാന്‍ പോകുന്നതു മുതല്‍ ഇന്ധനം നിറയ്ച്ച് തിരിച്ച് ഡിപ്പോയില്‍ എത്തുന്നതു വരെയും ഡ്യൂട്ടിയാണ്. ഇത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രീതിയുമാണ്.
എന്നാല്‍, ജേക്കബ് സാം ലോപ്പസ് എന്ന എ.റ്റി.ഒയുടെ കാലത്ത് ഈ നിയമമെല്ലാം എറണാകുളം സ്വദേശികളായ ടാങ്കര്‍ ജീവനക്കാര്‍ക്ക് മാത്രം നിഷേധിക്കുകയായിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ഡ്യൂട്ടി തങ്ങള്‍ക്കു മാത്രം നിഷേധിക്കുന്നതിനെതിരേ പരാതി നല്‍കാന്‍ ഇവര്‍ എ.റ്റി.ഒയെ സമീപിച്ചെങ്കിലും പരാതി കൈപ്പറ്റാന്‍ തയ്യാറായില്ല. ലോപ്പസും അയാളുടെ കൂട്ടാളിയുമായ എ.റ്റി.ഒ ഷൈജുവുമാണ് ടാങ്കര്‍ ജീവനക്കാരോട് നിര്‍ദാക്ഷണ്യമായി പെരുമാറിയത്.
ഈ ഉദ്യോഗസ്ഥര്‍ ഇങ്ങനെതന്നെ പെരുമാറുമെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ എ.റ്റി.ഒയ്ക്ക് പരാതി നല്‍കുന്നതിന് മുമ്പ് മൊബൈലില്‍ വീഡിയോയും പകര്‍ത്തിയിരുന്നു. ഈ വീഡിയോ തങ്ങളുടെ പരാതി സ്വീകരിക്കാത്തതിന്റെ തെളിവായി സൂക്ഷിക്കുകയും ചെയ്തു. പരാതിയുമായി ചെന്നപ്പോള്‍ ഓഫീസില്‍ വെച്ച് തങ്ങളോട് വളരെ പരുഷമായി പെരുമാറുകയും, പരാതി സ്വീകരിച്ചാല്‍ അതിനുള്ള രസീത് നല്‍കില്ലെന്നും എ.റ്റി.ഒമാര്‍ പറയുന്നുണ്ട്. ജേക്കബ് സാം ലോപ്പസിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളും അധിക്ഷേപിച്ച് ഇറക്കി വിടുന്നതും വീഡിയോയില്‍ കാണാം.
ജനുവരിയില്‍ നടന്ന ഈ വിഷയം ആരോടും പരാതിപ്പെടാതെ വെച്ചിരിക്കുകയായിരുന്നു. കാരണം, ജേക്കബ് സാം ലോപ്പസ് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ബന്ധുവാണ്. മറ്റൊരു എ.റ്റി.ഒ ആയ ഷൈജു മുന്‍മന്ത്രി എ. നീലലോഹിതദാസന്‍ നാടാരുടെ ബന്ധുവും. ഇവര്‍ക്കെതിരേ പരാതി പറഞ്ഞാല്‍, ആ പരാതിയുടെ ഗതി എന്താകുമെന്ന് നല്ലതുപോലെ അറിയാവുന്നതു കൊണ്ടാണ് വീഡിയോയോ, പരാതിയോ പുറത്തുപറയാന്‍ ഇവര്‍ മുതിരാതിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ കെ.എസ്.ആര്‍.ടി.സിയില്‍ നിലനില്‍ക്കുന്ന ഡ്യൂട്ടി പെട്ടെന്ന് ഇല്ലെന്നുപറയുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഈ ജീവനക്കാര്‍.
ജേക്കബ് സാം ലോപ്പസിനെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫര്‍ ചെയ്തതോടെയാണ് ടാങ്കര്‍ ജീവനക്കാര്‍ ഈ വീഡിയോ പുറത്തു വിട്ടത്. സാധാരണ ഒരു ജീവനക്കാരന്‍ പരാതി നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആ പരാതി സ്വീകരിക്കണം. തനിക്കു അന്വേഷിക്കാന്‍ കഴിയാത്തതാണെങ്കില്‍ ആ പരാതി ചീഫ് ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യുകയും വേണം. അതുമല്ലെങ്കില്‍ പരാതി വ്യാജമാണോ, അതോ അന്വേഷിക്കേണ്ടതാണോ എന്ന ഫാക്ട് ചെക്കെങ്കിലും ചെയ്യണം. എന്നാല്‍, ഇതിനൊന്നും മുതിരാതെ അപേക്ഷ പോലും വാങ്ങാതെ തന്റെ ഓഫീസില്‍ നിന്നും ടാങ്കര്‍ ജീവനക്കാരെ ഓടിച്ചിറക്കി വിടുകയായിരുന്നു.
ജേക്കബ് സാം ലോപ്പസിനെതിരേ നിരവധി പരാതികളാണ് ഇപ്പോള്‍ പൊങ്ങി വരുന്നത്. ജീവനക്കാര്‍ക്ക് നിത്യ ശല്യമായിരുന്ന ഈ ഉദ്യോഗസ്ഥനെതിരേ കോടതിയില്‍ പോകാനുള്ള നീക്കങ്ങളും ജീവനക്കാരില്‍ നിന്നും നടക്കുന്നുണ്ട്. സംസ്ഥാന പട്ടികജാതി കമ്മിഷനില്‍ പുരുഷോത്തമന്‍ എന്നൊരു ജീവനക്കാരന്‍ നല്‍കിയ പരാതി കഴിഞ്ഞ ദിവസമാണ് പരിഗണിച്ചത്. പരാതിക്കാരനോട് ക്ഷമാപണം നടത്തിയതു കൊണ്ടു മാത്രമാണ് കമ്മിഷന്‍ മേല്‍ നടപടി എടുക്കാതെ വിട്ടതും. എന്നാല്‍, അതുകൊണ്ടും ലോപ്പസ് പഠിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ടാങ്കര്‍ ജീവനക്കാര്‍ ഇയാള്‍ക്കെതിരേ എം.ഡി.ക്ക് പരാതി നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന.
മുന്‍ മന്ത്രിമാരുടെ ബന്ധുക്കള്‍ എന്ന പ്രത്യേക പദവി ഉപയോഗിച്ച് ജേക്കബ് സാം ലോപ്പസും, ഷൈജുവും കെ.എസ്.ആര്‍.ടി.സിയിലെ കീഴ് ജോലിക്കാരെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഷൈജു ഇപ്പള്‍ കാട്ടാക്കട ഡിപ്പോയിലാണ്. ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് ലോപ്പസ് 38 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.