ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര യുദ്ധവും സംഘർഷവും പ്രകൃതി ദുരന്തങ്ങളുമായി ഉറ്റവരെ നഷ്ടപ്പെട്ട അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനായാണ് ഖത്തർ ചാരിറ്റി ‘റുഫഖാഅ്’ കാമ്പയിന് തുടക്കം കുറിച്ചത്. എല്ലാ റമദാനിലുമായി നടത്തുന്ന വിപുലമായ കാമ്പയിനിൽ ഇത്തവണ ആദ്യ വെള്ളിയാഴ്ചയോടെ 5000 അനാഥകളുടെ സംരക്ഷണത്തിന് സ്പോൺസർഷിപ് ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, സംഘാടകരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു ഖത്തറിലെ സ്വദേശി ‘റുഫഖാഅ്’നെ ഏറ്റെടുത്തത്.
ഒരു സ്വദേശി പൗരൻമാത്രം 1300 അനാഥകളുടെ സംരക്ഷണം ഏറ്റെടുത്തതായി ഖത്തർ ചാരിറ്റി അറിയിച്ചു. ഇദ്ദേഹത്തിന് ഖത്തർ ചാരിറ്റി എക്സ് പ്ലാറ്റ്ഫോം വഴി നന്ദി അറിയിച്ചു. കാമ്പയിനിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞു. കാമ്പയിന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും, അവരുടെ കർമങ്ങൾക്ക് നന്മയും ദൈവിക പ്രതിഫലവും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് ഖത്തർ ചാരിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അനാഥകളെ സംരക്ഷിക്കുന്നവനും പ്രവാചകനും സ്വർഗത്തിൽ ഒപ്പമായിരിക്കുമെന്ന പ്രവാചക വചനവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ റമദാൻ കാമ്പയിന്റെ ഭാഗമായാണ് ആദ്യ പത്ത് ദിനങ്ങളിലേക്കായി 5000 അനാഥകളെ സ്പോൺസർ ചെയ്യുന്നതിനായി റുഫഖാഅ് കാമ്പയിൻ ആരംഭിച്ചത്. കാമ്പയിൻ ലക്ഷ്യം വെച്ചതിനേക്കാൾ അനാഥകളെ സ്പോൺസർ ചെയ്യാൻ സാധിച്ചതായും ഖത്തർ ചാരിറ്റി അറിയിച്ചു. ‘നിങ്ങളുടെ കുടുംബത്തിലെ അംഗമായി പരിഗണിക്കൂ’ എന്ന പ്രമേയത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഒന്നോ അതിലധികമോ അനാഥരെ സ്പോൺസർ ചെയ്യാനും അവരെ കുടുംബാംഗങ്ങളായി പരിഗണിച്ച് ശ്രദ്ധയും പരിചരണവും നൽകാനും കാമ്പയിനിലൂടെ അഭ്യർഥിച്ചിരുന്നു.
റുഫഖാഅ് സംരംഭത്തിൽ നിലവിൽ അനാഥർക്കുപുറമെ നിർധനരായ കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, അഗതികളായ വിദ്യാർഥികൾ എന്നിവർക്കും സംരക്ഷണം നൽകുന്നുണ്ട്. ഇതുവരെയായി വിവിധ കാമ്പയിനിലൂടെ രണ്ട് ലക്ഷത്തിലധികം വ്യക്തികളാണ് സ്പോൺസർ ചെയ്യപ്പെട്ടത്. 5000 അനാഥരെ സ്പോൺസർ ചെയ്യുകയെന്ന കാമ്പയിന്റെ ഭാഗമായി സ്പോൺസർമാരടങ്ങുന്ന ഖത്തർ ചാരിറ്റിയുടെ സംഘം പാകിസ്താൻ സന്ദർശിക്കുകയും അനാഥരുടെ സാഹചര്യങ്ങൾ പരിശോധിക്കുകയും ആവശ്യങ്ങൾ വിലയിരുത്തുകയും ചെയ്തു. സന്ദർശനത്തോടനുബന്ധിച്ച് 150 അനാഥകൾക്കായി പാക് പഞ്ചാബിലെ ഷുജാബാദ് പ്രദേശത്ത് ഖത്തർ ചാരിറ്റി ഒരു അനാഥാലയം തുറക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ