ഛഡീഗഡ്: ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന് നാല് വിക്കറ്റ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. സാം കറന്റെ (63) അര്‍ധ സെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ലിയാം ലിവിംഗ്സ്റ്റണ് (21 പന്തില്‍ പുറത്താവാതെ 38) നിര്‍ണായക പിന്തുണ നല്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ പഞ്ചാബ് ബൗളർമാർ വരിഞ്ഞ് മുറുക്കിയെങ്കിലും അവസാന ഓവറുകളില്‍ അഭിഷേക് പോറല്‍ (10 പന്തില്‍ പുറത്താവാതെ 32) നടത്തിയ പ്രകടനം ഡൽഹിയെ മികച്ച സ്കോറിലേക്ക് നയിച്ചു. 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
അപകടത്തിനു ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് (18) നിരാശപ്പെടുത്തി. നാലാമനായിട്ടാണ് താരം ക്രീസിലെത്തിയിരുന്നത്. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൺ സ്റ്റബ്സ്(5), റിക്കിബായ്(3), അക്സർ പട്ടേൽ(21), സുമിത് കുമാർ(2)വേഗത്തിൽ പുറത്തായി. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ അഭിഷേക് പൊരേൽ ഡെത്ത് ഓവറിൽ ആഞ്ഞടിച്ചതോടെ സ്കോർ 170 കടക്കുകയായിരുന്നു.
പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന്റെ തുടക്കം നന്നായില്ല. 3.5 ഓവറില്‍ സ്കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രം ഉണ്ടായിരിക്കക്കെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന് (22), ജോണി ബെയര്‍സ്റ്റോ (9) എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. തുടര്‍ന്ന് പ്രഭ്സിമ്രാന് സിംഗ് (26) – കറന് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ പ്രഭ്സിമ്രാനെ പുറത്താക്കി കുല്‍ദീപ് യാദവ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്കി. ജിതേശ് ശര്‍മയ്ക്ക് (9) തിളങ്ങാനായതുമില്ല. 19-ാം ഓവറില്‍ കറനേയും ശശാങ്ക് സിംഗിനേയും (0) പുറത്താക്കി ഡല്‍ഹിയെ ഖലീല്‍ അഹമ്മദ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഹര്‍പ്രീത് ബ്രാറിനെ () കൂട്ടുപിടിച്ച് ലിവിംഗ്സറ്റണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഖലീലിനെ കൂടാതെ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി.