കണ്ണൂര്‍: പേരാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കൽ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകന് ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റു.
ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോൺ ആക്രമിച്ചത്. ലില്ലിക്കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ കേസെടുത്ത പേരാവൂര്‍ പൊലീസ് ലില്ലിക്കുട്ടിയുടെ ഭര്‍ത്താവ് ജോണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോണിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് വീട്ടില്‍ വഴക്കുണ്ടായെന്നും ജോണ്‍ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.