തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് പട്ടിക ജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശം. വിഷയം പത്ത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിക്ക് നിർദേശം നൽകിയത്. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്നും കമ്മീഷൻ വിലയിരുത്തി.
അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പരാമർശത്തിൽ സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും, അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ആർഎൽവി രാമകൃഷ്ണൻ.
ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്മുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം പരാമർശങ്ങൾ. സത്യഭാമ മുമ്പും തന്നെ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇതുപോലെ ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.
സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. വിഷയത്തിൽ പ്രതികരണത്തിനായി സത്യഭാമയെ സമീപിച്ച മാധ്യമങ്ങൾക്ക് രൂക്ഷമായ പ്രതികരണമാണ് നൃത്താധ്യാപിക നൽകിയത്. ഒരാളെയും അധിക്ഷേപിച്ച് യൂട്യൂബ് ചാനലിൽ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ അവർ കലാ മേഖലയിൽ നിന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും പറഞ്ഞു.