ഗസ: റഫ, ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഭയാർഥിക്യാമ്പുകളും ആശുപത്രികളും ലക്ഷ്യംവെച്ചാണ് പ്രധാനമായും ഇസ്രായേൽ വെടിവെപ്പ് തുടരുന്നത്.
ഗസ സിറ്റിയിലെ കുവൈറ്റ് റൗണ്ട് എബൗട്ടിൽ ഭക്ഷണങ്ങൾക്കും മരുന്നുകൾക്കുമായി കാത്തുനിന്ന ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലും ഫലസ്തീനികൾ കൊല്ലപ്പെട്ടു. ബുറൈജ് അഭയാർത്ഥി ക്യാമ്പിന് കിഴക്ക് നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അൽ-ഷിഫ മെഡിക്കൽ കോംപ്ലക്‌സിന്റെ പരിസരത്ത് ഇസ്രായേൽ സേന നടത്തിയ അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെസ്റ്റ്ബാങ്കിൽ 15 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ഒറ്റരാത്രികൊണ്ട് അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി പുതുതായി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ഹെബ്രോൺ, റമല്ല, ബെത്‌ലഹേം, തുബാസ്, നബ്ലസ്, ജറുസലേം ഗവർണറേറ്റുകളിൽ നിന്നാണ് ഫലസ്തീനികളെ അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ 7 മുതൽ 7,740 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായാണ് പ്രിസണേഴ്‌സ് സൊസൈറ്റിയുടെ റിപ്പോർട്ടുകൾ പറയുന്നത്.