ന്യൂഡൽഹി: ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ. ഉള്ളിയുടെ ആവശ്യം രാജ്യത്ത് വർദ്ധിച്ചതിനാലാണ് കയറ്റുമതിക്കുള്ള നിരോധനം നീട്ടിയത്. മാർച്ച് 31 വരെയാണ് നിലവിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. വിലക്ക് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കുന്നതിനിടയിലാണ് അനിശ്ചിത കാലത്തേക്ക് കയറ്റുമതി നിരോധനം വീണ്ടും നീട്ടിയത്.
ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില പിടിച്ചുനിർത്തുന്നതിനുമായി ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായിഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.
സവാളയുടെ വില അനിയന്ത്രിതമായി വർധിച്ചതിനെ തുടർന്ന് 2023 ഡിസംബർ 8 നാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഇതിനിടെ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് വഴി യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കയറ്റുമതി നിരോധിച്ചതിൽ കർഷകരും അതൃപ്തി അറിയിച്ചിരുന്നു.
2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.