റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അയല്‍ ജില്ലയായ സുക്മയില്‍ ഐഇഡി സ്ഫോടനത്തില്‍ രണ്ടു ജവാന്മാര്ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച രാവിലെ എട്ടരയോടെ ഗംഗളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വനത്തില്‍ വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനു പോകുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ബസ്തര്‍ റേഞ്ച്) സുന്ദര്‍രാജ്.പി വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. മാവോയിസ്റ്റ് കോട്ടയായി കണക്കാക്കപ്പെടുന്ന ബീജാപൂര്‍, ദന്തേവാഡ, സുക്മ ജില്ലകള്‍ ചേരുന്ന ജംഗ്ഷനിലാണ് ഓപ്പറേഷന് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള പിഡിയ ഗ്രാമത്തിനു സമീപമുള്ള വനം സുരക്ഷാസേന വളയുന്നതിനിടെയാണ് നക്സലൈറ്റുകള്‍ വെടിയുതിര്‍ത്തത്. ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പിനു കാരണമായി. രണ്ട് നക്സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇതേ ഓപ്പറേഷന്റെ ഭാഗമായി ദന്തേവാഡ-സുക്മ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബസ്തര്‍ ഫൈറ്റേഴ്സിലെ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റതായി ഐജി സുന്ദര്‍രാജ് അറിയിച്ചു.