പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടിട്ടുള്ള മൂന്ന് വമ്പന്‍ പശ്ചാത്തല വികസന പദ്ധതികളായ ശബരി വിമാനത്താവളം, ശബരി റെയില്‍പ്പാത, എംസി റോഡിന് സമാന്തരമായ പുതിയ ദേശീയപാത എന്നിവ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുന്നതിനു മുൻകൈയെടുക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുഭാവപൂർണ്ണമായ സമീപനം അനിവാര്യമാണ്. ശബരിപാതയുടെയും ദേശീയപാതയുടെയും ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. പക്ഷേ വിഭവ സമാഹരണത്തിന് അനിവാര്യമായ കിഫ്ബിയെ തകര്‍ക്കാനാണ് കേന്ദ്ര ശ്രമം. ഈ സമീപനം തിരുത്തപ്പെടണം. ഈ മൂന്ന് പദ്ധതികളും മുന്‍കൂട്ടികണ്ട് അവയുടെ നേട്ടം പരമാവധിയാക്കാന്‍ നമ്മള്‍ ശ്രമിക്കണം. പന്തളം, എരുമേലി, റാന്നി അടക്കമുള്ള പട്ടണങ്ങളുടെ സമഗ്ര വികസനത്തിന് ഇവ വഴിവെക്കുമെന്നും ഐസക് പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളവർക്ക് എത്തിച്ചേരാൻ സൗകര്യത്തിൽ നിർദ്ദിഷ്ട ചെറുവള്ളി വിമാനത്താവള പ്രവൃത്തികൾ ഊർജ്ജിതമാക്കും. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് ശബരിമലയിലേക്കുള്ള ശബരി റെയിൽപാതയുടെ പ്രവർത്തനങ്ങൾ വേഗം വർദ്ധിപ്പിക്കും. മാത്രമല്ല, അത് കുമ്പഴ, കോന്നി, പത്തനാംപുരം, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് ബന്ധിപ്പിക്കാനുള്ള പരിശ്രമത്തിൽ പ്രതിബദ്ധതയോടെ ഏർപ്പെടും. ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ച് പമ്പയിൽ അവസാനിക്കുന്ന ആറ്റുതീര റെയിൽവേയുടെ സാധ്യതകളും പരിശോധിക്കും.
വെള്ളപ്പൊക്കക്കാലത്ത് തീർത്ഥാടന സൗകര്യം ഉറപ്പ് വരുത്തുന്നതിന് പമ്പ ഹിൽ ടോപ്പിൽ നിന്നും ഗണപതി അമ്പലത്തിലേക്ക് ഒരു പാലം അനിവാര്യമാണ്. അത് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ശബരിമലയെപ്പറ്റി പറയുമ്പോൾ അത്രയും തന്നെ പ്രധാന്യമുള്ളതാണ് പന്തളവും എരുമേലിയും. അയ്യപ്പന്റെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്ന പന്തളം ക്ഷേത്രവും കൊട്ടാരവും അനുബന്ധ പ്രദേശങ്ങളും വലിയ വികസനം ആവശ്യപ്പെടുന്നയിടമാണ്. അവിടുത്തെ സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും തിരുവാഭരണപാതയെ നവീകരിക്കണം. അതുപോലെ തന്നെ എരുമേലിയിലെ പേട്ട തുള്ളലിനും അതിനോടനുബന്ധിച്ച മസ്ജിദും ക്ഷേത്രവുമൊക്കെ തിരക്കിൽ വീർപ്പുമുട്ടുകയാണ്. എരുമേലി റിംങ് റോഡ് അനിവാര്യമാണ്.
അച്ചൻകോവിൽ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് കോന്നിയിലെത്തി ശബരിമലയ്ക്കു വേഗം പോകാൻ നിലവിലുള്ള കല്ലേലി വഴിയുള്ള കാനനപാത വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര വനം-പരിസ്ഥിതി-ഉപരിതല ഗതാഗത വകുപ്പുകളെ ബോധ്യപ്പെടുത്തി നവീകരിക്കും. കൂടാതെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൂടുതൽ പരിസര പാതകൾ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യും.
കിഫ്ബി ഫണ്ടിൽ അംഗീകരിച്ചിട്ടുള്ള നിലയ്ക്കൽ, എരുമേലി ശബരിമല ഇടത്താവളങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. ഇടത്താവളങ്ങൾക്ക് എല്ലാംകൂടി 100 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേ നിലവിലുള്ള മാസ്റ്റർപ്ലാനിലും ഇടത്താവളങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. പത്തനംതിട്ട ടൗണിലെ ഇടത്താവളത്തെ വിപുലീകരിക്കും.
പന്തളം, എരുമേലി കെഎസ്ആർടിസി ഡിപ്പോകളെ വിപുലപ്പെടുത്തി സ്ഥിരമായി അന്തർസംസ്ഥാന ബസ് സർവ്വീസുകൾ ആരംഭിക്കും.
തീർത്ഥാടകരുടെ വർദ്ധനവിനനുസരിച്ച് ആധുനിക ചികിത്സാ സൗകര്യങ്ങളും വർദ്ധിക്കേണ്ടതുണ്ട്. ശബരിമലയോടടുത്ത് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനുവേണ്ട പരിശ്രമങ്ങൾ കാര്യമായി ആരംഭിക്കുമെന്നും ഐസക് പറഞ്ഞു.