താമരശ്ശേരി:കോഴിക്കോട് ദേശിയപാതയോരത്ത് കെട്ടിടത്തിന് തീപിടിച്ചു.താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിനു മുൻവശത്തെ കെട്ടിടത്തിൽ ആണ് വാൻ തീപിടിത്തം ഉണ്ടായത്.
പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.
30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.അർധരാത്രിയോടെയാണ് തീ പടരുന്നത് സമീപത്തെ ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.
മുക്കത്ത് നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി പുലർച്ചെ മൂന്നുമണിയോടെയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ വാഹനഗതാഗതം തടസപ്പെട്ടു.
കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ, മുകളിലെത്തെ നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.