പൊതുവേദിയിൽ ഹൈന്ദവ വിഗ്രഹം സ്വീകരിക്കാൻ വിസമ്മതിച്ചതിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദു ഭക്തരുടെ വികാരങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
‘ഇതാണ് കോൺഗ്രസ്, ഇത് തന്നെയാണ് കോൺഗ്രസ്..തികഞ്ഞ ഹൈന്ദവ വിരോധം എല്ലായിടങ്ങളിലും, ഇത് ചെറിയൊരു കാഴ്ച മാത്രം..!! ഇത് മറ്റൊരു വേഷം കെട്ടു … അലോച്ചിക്കൂ ഇവനെ പോലുള്ള ഊളകൾ ജനങ്ങളെ പറ്റിച്ചു വേഷം കെട്ടി നടക്കുന്നത് എന്തിനാണ്, രാജ്യം സംരക്ഷിക്കാനാണോ. വോട്ടർമാർ 3 വട്ടം ചിന്തിക്കൂ, ഇവറ്റകൾക്ക് വോട്ട് ചെയ്യുന്നതിന് മുൻപ്’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.
മഹാരാഷ്ട്രയിലും കർണാടകയിലും ആരാധിക്കപ്പെടുന്ന ഒരു പ്രാദേശിക ദൈവമായ വിത്തൽ പ്രഭുവിന്റെ വിഗ്രഹം ഒരാൾ സമ്മാനിച്ചപ്പോൾ അത് സ്വീകരിക്കാൻ രാഹുൽ ഗാന്ധി സ്വീകരിക്കാൻ തയ്യാറാകാതിരുന്നതും വിഗ്രഹത്തെ അവഗണിച്ചതായുമാണ് വിഡിയോയ്ക്കൊപ്പമുള്ള ആരോപണം. എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
ഈ വീഡിയോയെ പറ്റി തിരഞ്ഞപ്പോൾ രാഹുൽ ഗാന്ധിയുടെ പേരിലുള്ള യുട്യൂബ് ചാനലില്‍ ഇതേ ദൃശ്യങ്ങളടങ്ങിയ മുഴുവൻ വിഡിയോയും കണ്ടെത്തി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന കർഷക സമ്മേളനത്തിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് കണ്ടെത്തി. ഈ വീഡിയോയുടെ പതിനേഴാം മിനുട്ടിൽ ഒരു പ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് വിഗ്രഹം സമ്മാനമായി നൽകുന്നതും രാഹുൽ ഗാന്ധി പ്രവര്‍ത്തകന്റെ കൈയ്യിൽ നിന്നും വിഗ്രഹം സ്വീകരിക്കുന്നതും പിന്നില്‍ നില്‍ക്കുന്നയാളുടെ കൈയ്യിലേക്ക് നല്‍കുന്നതും കാണാം. ഇത് ദിശ്യങ്ങളിലുണ്ട്.
കൂടാതെ, രാഹുൽ ഗാന്ധിയുടെ തലയിൽ അണികൾ തലപ്പാവ് വെയ്ക്കുന്നതും ഹാരമണിയിക്കുന്നതും കാണാം. ഈ തിരക്കിനിടയിലാണ് ഒരാള്‍ വിഗ്രഹവുമായെത്തി അത് നൽകാൻ ശ്രമിക്കുന്നത്. തിരക്കിനിടയിൽ രാഹുൽ ഗാന്ധിക്ക് വിഗ്രഹം സ്വീകരിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹം വിഗ്രഹം സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്. ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. രാഹുൽ ഗാന്ധി വിഗ്രഹത്തോട് അവഗണന കാണിച്ചു എന്ന് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിഡിയോയുടെ കുറച്ച് ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ബോധ്യപ്പെടും.
ലഭ്യമായ വിവരങ്ങളിൽ നിന്ന് രാഹുൽഗാന്ധി വേദിയിൽ വച്ച് വിഗ്രഹം തിരസ്ക്കരിച്ചെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഗ്രഹം സ്വീകരിക്കുന്നതിന് മുൻപുള്ള ചില ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.