കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ ചർച്ച ചെയ്യുന്ന ഒരു വിഷയമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ കറുപ്പുനോടുള്ള വെറുപ്പ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സത്യഭാമ നടത്തിയ പ്രസ്താവനകൾ വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ഡോ. ആർ എൽ വി രാമകൃഷ്ണൻ എന്ന മോഹിനിയാട്ടം കലാകാരനു നേരെ നടത്തിയ പ്രസ്താവനകൾ ഒരിക്കലും അംഗീകരിച്ചുകൊടുക്കുവാൻ കഴിയില്ല. കലാമണ്ഡലം സത്യഭാമയുടെ ഈ വിവാദ പ്രസ്താവനയ്ക്കെതിരെ പല രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ സത്യഭാമയെ പിന്തുണയ്ക്കുന്നു എന്ന താരത്തിൽ ഒരു വാർത്ത സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.
“നമ്മൾ ഇത് പ്രതീക്ഷിച്ചതായിരുന്നു അല്പം താമസിച്ചു അത്രമാത്രം..” എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് പ്രചരിക്കുന്നത്.
എന്താണ് കെ. സുരേന്ദ്രന്റെ ഈ പ്രതികരണത്തിന് പിന്നിൽ എന്ന് പരിശോധിക്കാം.
വൈറലായ സ്ക്രീൻഷോട്ടിൽ പറഞ്ഞിരിക്കുന്ന ചാനലിന്റെ പേരും വാർത്ത കൊടുത്തിരിക്കുന്ന സമയവും തീയതിയും ഒക്കെവച്ച് പരിശോധിച്ചപ്പോൾ ഇത്തരമൊരു വാർത്ത കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിന്ന് കെ. സുരേന്ദ്രൻ ഇത്തരം ഒരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന കാര്യം വ്യക്തായി. കൂടാതെ, കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപത്തിൽ സത്യഭാമയെ വിമർശിക്കുന്ന നിലപാട് തന്നെയാണ് കെ സുരേന്ദ്രന് ഉള്ളതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയാതായ വിവരവും ലഭിച്ചു.
“കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം.”എന്ന് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ലഭിച്ചിട്ടുണ്ട്.
മാത്രവുമല്ല, സത്യഭാമയെ കെ. സുരേന്ദ്രൻ പിന്തുണക്കുന്നില്ലായെന്നതിന്റെ കൂടുതൽ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. “സത്യഭാമക്കെതിരെ കെ സുരേന്ദ്രന്‍; ‘അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്” എന്ന തലകെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് കലാമണ്ഡലം സത്യഭാമ നിറവും, ജാതിയുമൊക്കെ പറഞ്ഞു അധിക്ഷേപം നടത്തിയത്. പേര് പറഞ്ഞില്ലെങ്കിലും ഇത് നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആര്‍എല്‍വി രാമകൃഷ്ണനും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നിറവും ജാതിയും പറഞ്ഞു ഒരു കലാകാരനെ അധിക്ഷേപിച്ചുവെന്നുമാത്രമല്ല ആ പറഞ്ഞതിലൊന്നും തെല്ലും കുറ്റബോധമോ തിരുത്തണമെന്ന ചിന്തയോ പോലുമില്ലാതെ ഉറച്ചുനിൽക്കുക കൂടിയാണ് കലാമണ്ഡലം സത്യഭാമ.
ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ് കമാമണ്ഡലം സത്യഭാമയെ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പിന്തുണച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണ്. ഇത്തരത്തിലൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ലായെന്ന കെ. സുരേന്ദ്രൻ തന്നെ വ്യക്തമാക്കുന്ന ഫേസ്ബുക് പോസ്റ്റടക്കം ലഭ്യമാണ്.