തൃശൂർ: എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനില്‍ കുമാർ സ്ഥാപിച്ച ഫ്ലക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ ടി.എൻ. പ്രതാപനാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാർ തേവരുടെ ചിത്രം ഫ്ലക്സിലുള്പ്പെടുത്തിയെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം.
തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തൃപ്രയാര്‍ തേവരുടെയും ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡ് നാട്ടിക നിയോജകമണ്ഡലത്തിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡില്‍ 87-ാം ബൂത്ത് ചിറയ്ക്കല്‍ സെന്ററില്‍ സ്ഥാപിച്ചതിനെതിരേയാണ് പരാതി നല്‍കിയത്.
മതസ്ഥാപനങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അന്വേഷണം നടത്തി ചട്ടം ലംഘിച്ചവര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ ഇലക്ഷന് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്. കൃഷ്ണതേജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ നടന് ടൊവീനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് സുനില്‍ കുമാറിനെ വെട്ടിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്‍ഡ് അംബാസിഡറാണ് ടൊവീനോ തോമസ്. ഇത് ചൂണ്ടിക്കാട്ടി ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് ടൊവീനോ തന്നെ പറഞ്ഞതോടെ വി സെ് സുനില്‍ കുമാര്‍ ഈ ഫോട്ടോ പിന്‍വലിച്ചിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് സുനില്‍ കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തിരുന്നു.
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വി.മുരളീധരനുമൊപ്പം വിഗ്രഹത്തിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി ഫ്ലക്സ് സ്ഥാപിച്ചിരുന്നു.
മതത്തിന്റെയോ ദൈവത്തിന്റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം.