ജീവകാരൂണ്യത്തെ വ്രതമാക്കിയ മനുഷ്യ സ്‌നേഹിയാണ് യൂസഫലി: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ജീവകാരൂണ്യത്തെ വ്രതമാക്കിയ മനുഷ്യ സ്‌നേഹിയാണ് യൂസഫലി ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

സാധാരണക്കാര്‍ക്കും നിരാലംബര്‍ക്കും വേണ്ടി നിരന്തരം സഹായം എത്തിക്കുന്നതിലൂടെ ജീവകാരുണ്യത്തെ തന്നെ വ്രതമാക്കിയ മനുഷ്യസ്‌നേഹിയാണു യൂസഫലി എന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. കേരളത്തിന്റെ ബഹുസ്വരതയുടെ പ്രതീകമാണ് ലുലുഗ്രൂപ്പും അതിന്റെ സ്ഥാപനങ്ങളും ശാന്തിഗിരി ആശ്രമവും ലുലുഗ്രൂപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം കേരളത്തിന്റെ ബഹുസ്വരതയുടെ ഒരു നേര്‍കാഴ്ചയാണ്. ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലുലുഗ്രൂപ്പിന്റെ റമദാന്‍ വ്രതകാലത്തെ അന്നദാന സംഭാവന ഏറ്റുവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ഫെയര്‍ എക്സ്പോര്‍ട്‌സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി എന്നിവര്‍ ചേര്‍ന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തികഞ്ഞ മതവിശ്വാസികളായിരിക്കുമ്പോഴും മറ്റുള്ള എല്ലാവിശ്വാസങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പത്മശ്രീ ഡോ.എംഎ യൂസഫലി. അദ്ദേഹം നമ്മുടെയൊക്കെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതും അങ്ങനെ തന്നെയാണ്. മനുഷ്യനില്‍ ഊന്നിയുള്ള വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം.

ഒരു വ്യക്തി സമകാലിക സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് കഷ്ടപ്പാടുകള്‍ മനസ്സിലാക്കുകയും അവരിലൊരാളായി മാറുകയും പിന്നീട് അവരെ പോലെയുള്ള ആയിരങ്ങളെയും പതിനായിരങ്ങളെയും നെഞ്ചോടു ചേര്‍ക്കുന്ന വ്യക്തിത്വമായി അദ്ദേഹം മാറുകയുമാണെന്ന് സ്വാമി പറഞ്ഞു. പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് യൂസുഫലി നല്‍കിയത്. ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും അത് തുടരുന്നു. 2006 മുതല്‍ എം.എ യൂസഫലിയുമായി താന്‍ അടുത്തബന്ധം പുലര്‍ത്തിവരുന്നതായി സ്വാമി പറഞ്ഞു.

സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ചു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ഫെയര്‍ എക്സ്പോര്‍ട്‌സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, ലുലുഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി അഡൈ്വസര്‍ (കമ്മ്യൂണിക്കേഷന്‍സ്) സബീര്‍ തിരുമല എന്നിവര്‍ ചടങ്ങില്‍ പങ്കെടത്തു. ആര്‍ട്‌സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ് നന്ദി രേഖപ്പെടുത്തി.