മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഐടി സെൽ മേധാവി അമിത് മാളവ്യ തൻ്റെ എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം കെജ്രിവാളിനെതിരെ കോൺഗ്രസ് നേതാവ് നടത്തിയ പത്രസമ്മേളനത്തിന്റേതെന്ന തരത്തിൽ ആണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
എന്താണ് ആ വിശദീകരണം? എന്താണ് സത്യാവസ്ഥ എന്ന് പരിശോധിക്കാം.
എന്തുകൊണ്ട് അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായി എന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് അമിത് മാളവ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഈ മാസം 21 ന് ആണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ശേഷം കോടതിയില്‍ ഹാജരാക്കിയ കെജ്രിവാളിനെ മാർച്ച് 28 വരെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. അഴിമതിയിൽനിന്ന് ലഭിച്ച നൂറുകോടി രൂപ ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരായി ഉപയോഗിച്ചുവെന്ന് അജയ് മാക്കൻ ഈ വിഡിയോയിൽ ആരോപിക്കുന്നു. കൂടാതെ, അഴിമതിയിൽ ഉൾപ്പെട്ട എ എ പി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർക്ക് സ്ഥാനങ്ങളിൽ തുടരാൻ അധികാരമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായിരുന്ന സത്യേന്ദ്ര ജെയിൻ ആണ് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്നത്. 2022 മെയിൽ ഇ.ഡി. അറസ്റ്റ് ചെയ്ത സത്യേന്ദ്ര ജെയിൻ ഒരു വർഷത്തെ തിഹാർ ജയിൽവാസത്തിന് ശേഷം ഇടക്കാല ജാമ്യംനേടി. എ.എ.പി. കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായർ 2022 സെപ്തംബറിൽ അറസ്റ്റിലായി. 2023 ഫെബ്രുവരി 26-നാണ് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസിദിയ അറസ്റ്റിലാകുന്നത്. പിന്നീട് ഒക്ടോബർ നാലിന് എ.എ.പിയുടെ രാജ്യസഭാ എം.പി. ആയ സഞ്ജയ് സിംഗിനെയും ഇ.ഡി. അറസ്റ്റ് ചെയ്തു. ബി.ആർ.എസ്. നേതാവ് കെ. കവിത ഉൾപ്പടെ 16 പേർ കേസിൽ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷപാർട്ടികൾ ചേർന്ന് ഇന്ത്യ സംഖ്യം രൂപീകരിച്ചത്. എ.എ.പിയും ഈ ശക്യത്തിൽ അംഗമാണ്. തെരെഞ്ഞെടുപ്പ്അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇത്തരത്തിലൊരു പ്രതികരണം നടത്തില്ല എന്നത് ഒരു ഘടകം ആണ്. മാത്രമല്ല പ്രചരിക്കുന്ന വീഡിയോയിൽ അജയ് മാക്കൻ മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജയിൻറെയും പേരുകൾ പരാമർശിച്ച് ഇരുവർക്കും സ്ഥാനങ്ങളിൽ ധാർമ്മികമായി തുടരാനാവില്ല എന്നാണ് പറയുന്നത്. അതായത് കേസിൽ ഈ രണ്ട് നേതാക്കളും അറസ്റ്റിലാകുന്നതിന് മുൻപുള്ളതാണ് അജയ് മാക്കന്റെ വീഡിയോ ആണ് ഇത്.
പതിനഞ്ചര മിനുറ്റിലധികം ദൈർഘ്യമുള്ള വീഡിയോ 2023 ഫെബ്രുവരി നാലിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, ഒരു വർഷം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ അതിരൂക്ഷ വിമർശനമാണ് നടത്തിയത്. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ മെഗാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. ഞായറാഴ്ച ‘ഇന്ത്യ സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഇതിനിടെ, ജയിലിനുള്ളില്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടയില്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ (ഇ ഡി) ലോക്കപ്പില്‍ നിന്ന് ആദ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുക കൂടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കൈമാറുകയായിരുന്നുവെന്ന് ആം ആദ്മി വൃത്തങ്ങള്‍ അറിയിച്ചു.
ലഭ്യമായ ഇവരങ്ങളിൽ നിന്ന് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ഒരു വർഷം മുൻപ് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സംഭവിച്ചതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.