മക്ക: ഭിന്നശേഷിക്കാരായ വിശ്വാസികൾക്ക് മസ്ജിദുൽ ഹറമിൽ പ്രത്യേക പ്രാർഥന സ്ഥലങ്ങൾ ഒരുക്കി ഇരുഹറം കാര്യാലയ വിഭാഗം. കിങ് ഫഹദ് എക്സ്പാൻഷനിലെ നിയുക്ത സ്ഥലങ്ങൾ ഭിന്നശേഷിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി.
ഭിന്നശേഷിക്കാർക്ക് മസ്ജിദുൽ ഹറമിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം പ്രവേശന കവാടങ്ങളുമുണ്ട്. ഭിന്നശേഷിക്കാരായ പുരുഷന്മാർ ഗേറ്റ് 91ന് എതിർവശത്തുള്ള ഒന്നാം നില, ഷുബൈക ബ്രിഡ്ജ് ഗേറ്റ് നമ്പർ 68ന് എതിർവശത്തുള്ള ഒന്നാം നില, ഷുബൈക സ്റ്റെയർകേസിന് അടുത്തുള്ള താഴത്തെ നിലയിലെ ഗേറ്റ് നമ്പർ 68 എന്നിവയിലൂടെയാണ് പ്രാർഥനാ സ്ഥലങ്ങളിലേക്ക് പ്രവേശിക്കേണ്ടത്. സ്ത്രീകൾക്ക് താഴത്തെ നിലയിലെ ഗേറ്റ് 88 വഴിയോ ഒന്നാം നിലയിലെ ഗേറ്റ് 65 ലൂടെയോ പ്രാർഥന ഏരിയ നമ്പർ 15 ലൂടെയോ പ്രവേശിക്കാം.