തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാണ് (30) മരിച്ചത്.
തിരുവനന്തപുരം വെളനാട് സ്വദേശിനിയാണ്. അമിത അമിത അനസ്തേഷ്യ കുത്തിവച്ചതാണ് മരണകാരണമെന്ന് നിഗമനം.
മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറെനേരം വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ബോധരഹിതയായി കിടക്കുന്ന നിലയിൽ അഭിരാമിയെ കണ്ടെത്തിയത്. കയ്യിൽ സിറിഞ്ച് പിടിച്ചിട്ടുണ്ടായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കൊല്ലം സ്വദേശിയായ പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. അഞ്ച് മാസം മുൻപായിരുന്നു വിവാഹം. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.