ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. ജയിലിൽ നിന്ന് കെജ്രിവാൾ ഉത്തരവിറക്കുന്നത് തടയണം എന്ന് ഹർജിക്കാരന് ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തകൻ സുർജിത് സിങ്ങ് യാദവ് ആണ് ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ കോടതി ഇടപെടൽ വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഡല്‍ഹിയില്‍ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാൽ ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കെജ്രിവാളിന് പിന്നാലെ പാർട്ടിയിലെ കൂടുതൽ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകുമെന്നാണ് റിപ്പോര്‍ട്ട്.