Baltimore bridge collapse| എങ്ങനെയാണ് അപകടം ഉണ്ടായത്? ആരാണ് ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’?| Francis Scott Key Bridge

യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ചു പാലം തകർന്നു. 2.57 കിലോമീറ്റർ നീളമുള്ള ‘ഫ്രാൻസിസ് സ്കോട് കീ’ പാലമാണ് തകർന്നത്. പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലത്തിൽ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കു കപ്പല്‍ ‘ഡാലി’ ആണ് ഇടിച്ചുകയറിയത്. കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു.

ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച കപ്പൽ മിനിറ്റുകൾക്കുള്ളിലാണ് ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’ പാലത്തിൽ ഇടിച്ചത്. യുഎസ് ദേശീയ ഗാനമെഴുതിയ മേരിലാൻഡ് സ്വദേശി ഫ്രാൻസിസ് സ്കോട് കീയുടെ പേരിലുള്ളതാണു പാലം. 2007 ൽ മിനിയപ്പലിസിൽ മിസിസിപ്പി നദിയിലെ പാലം തകർന്ന് 11 പേർ മരിച്ചതിനുശേഷം യുഎസിലുണ്ടാകുന്ന ഏറ്റവും വലിയ പാലം അപകടമാണിത്.

പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു കപ്പൽ ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറുകയായിരുന്നു. അപകടസമയം കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചുവെന്നും, ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നുമാണ് ലഭിക്കുന്ന വിവരം.

Latest News