എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസ്, സസ്പെൻഷനിലായ ഗ്രേഡ് എസ്ഐയെ സര്‍വീസിൽ തിരിച്ചെടുത്തു

കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിലെ അന്വേഷണത്തിനിടെ സസ്പെൻഷനിലായ ഗ്രേഡ് എസ്ഐയെ സര്‍വീസിൽ തിരിച്ചെടുത്തു. എലത്തൂര്‍ ട്രെയിനിന് തീവച്ച പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോര്‍ത്തി നൽകിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ മനോജ് കുമാറിനെയാണ് ആഭ്യന്തര വകുപ്പ് തിരിച്ചെടുത്തത്.

ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിൽ ആരോപിക്കപ്പെട്ട കുറ്റം ഗ്രേഡ് എസ്ഐക്കെതിരെ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോജ് കുമാറിനെ സര്‍വീസിൽ തിരിച്ചെടുത്തത്. എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മനോജ് കുമാറിനെ സസ്പെന്റ് ചെയ്തത്.

അന്ന് സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിലുണ്ടായിരുന്ന ഐജി പി വിജയനെയും സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ വിജയനെ പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. പക്ഷെ മനോജ് കുമാര്‍ അപ്പോഴും സസ്പെൻഷനിൽ തുടരുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് മനോജ് കുമാറിനെ സര്‍വീസിൽ തിരിച്ചെടുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.