തിരുവനന്തപുരം: കേരളത്തിൽ ഒരു വർഷത്തിനിടയിൽ ആത്മഹത്യ ചെയ്ത ഡോക്ടർമാരുടെ കണക്കുകൾ ഞെട്ടിക്കുന്നത്. തിരുവനപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ്റെ (30) മരണത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ 4 മാസത്തിനിടയിൽ ജീവനൊടുക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ ഡോക്ടറാണ് അഭിരാമി. 2023 ഡിസംബർ 4നാണ് വെഞ്ഞാറമൂട് സ്വദേശി ആയ ഡോ. ഷഹാന ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ദിവസം വെള്ളനാട് സ്വദേശിയും മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റുമായ ഡോ. അഭിരാമിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷഹാനെയും താമസസ്ഥലത്ത് നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചാണ് അവർ ജീവനൊടുക്കിയത്. സമാന രീതിയിൽ അനസ്തേഷ്യ കുത്തിവച്ചതാണ് അഭിരാമിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഇരുപതോളം ഡോക്ടർമാർ പേർ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐഎംഇ) വെളിപ്പെടുത്തിയതായി മനോരമഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഗുരുതരമായ സാഹചര്യമായതിനാൽ മാനസിക പിന്തുണ ഉറപ്പാക്കാനും കൗൺസിലിംഗ് നൽകാനുമുള്ള നടപടികൾ ഐഎംഎ ആരംഭിച്ചതായും റിപ്പോർട്ടിലുണ്ട്.
സാമ്പത്തികം, ജോലിയിലെ സമ്മർദം, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ഐഎംഎ വ്യക്തമാക്കുന്നത്. ഒരു വർഷത്തിനിടെ 20 ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ എത്ര ആത്മഹത്യാശ്രമങ്ങൾ നടന്നിട്ടുണ്ടാകാമെന്നും ഭീതിയുണ്ടാക്കുന്ന കണക്കുകളാണ് വെളിപ്പെടുന്നതെന്നും അസോസിയേഷൻ പറയുന്നു.