കൽപറ്റ: പൂക്കോട് വെറ്ററിനറി ക്യാംപസിൽ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായവരെ തിരിച്ചെടുത്തതിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും ഉൾപ്പെട്ടതിൽ വിവാദം. റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലാത്ത ഒന്നാം വർഷ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ വിസി നൽകിയ കുറിപ്പിനെ തുടർന്നു 33 പേരെ തിരിച്ചെടുത്തതിലാണു വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അസി.റജിസ്ട്രാറുടെ മകനും മകന്റെ സുഹൃത്തും ഉൾപ്പെട്ടത്. വിസിയുടെ കുറിപ്പിന്റെ മറവിൽ, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിടാനുള്ള നിർദേശം വിസിയുടെ കുറിപ്പു സഹിതം ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയാണ്. സസ്പെൻഷൻ നേരിടേണ്ടിവന്ന 90 പേരിൽ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയുമൊഴികെ മറ്റാരെയും തിരിച്ചെടുത്തുമില്ല. സസ്പെൻഷൻ റദ്ദാക്കിയ നടപടി പിന്നീടു ഗവർണർ ഇടപെട്ടു പിൻവലിച്ചിട്ടുണ്ട്. ഏപ്രിൽ 4 വരെ അതുവഴി സസ്പെൻഷനു പ്രാബല്യമായി.
സസ്പെൻഷനിലായ വിദ്യാർഥികളെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവിമുക്തരാക്കുന്നതിലെ നിയമവിരുദ്ധത പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അധികൃതർ വഴങ്ങുകയായിരുന്നുവെന്നാണു വിവരം. സർവകലാശാല ലോ ഓഫിസറുടെ നിയമോപദേശം തേടാതെയുമാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്. സിദ്ധാർഥനു പീഡനമേൽക്കേണ്ടിവന്ന ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനെ സ്വാധീനിച്ച്, സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ പട്ടികയിൽ നിന്ന് ഈ 2 വിദ്യാർഥികളുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച മെയിൽ വിസിക്ക് അയയ്ക്കുമ്പോൾ അസി.വാർഡനും സസ്പെൻഷനിലായിരുന്നു.
സർവകലാശാല ലീഗൽ സെല്ലിന്റെ ചുമതലയും വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഇതേ അസിസ്റ്റന്റ് റജിസ്ട്രാർക്കാണ്. സിദ്ധാർഥൻ കേസിൽ റിമാൻഡിലായ പ്രതികൾ സസ്പെൻഷൻ ഉത്തരവു റദ്ദാക്കാൻ കോടതിയെ സമീപിക്കുമ്പോൾ കാര്യവിവരണ പത്രിക നൽകേണ്ടതും ഈ ചുമതല വഹിക്കുന്നയാളാണ്. അതേസമയം, വൈസ് ചാൻസലറുടെ നിർദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണു പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയുടെ വിശദീകരണം. സീനിയർ ബാച്ചിലെ 2 വിദ്യാർഥികളുടെ പേര് തെറ്റായി ഉൾപ്പെട്ടുവെന്നാണ് ആന്റി റാഗിങ് സ്ക്വാഡ് അറിയിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രനും പറഞ്ഞു.