ജറുസലം: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ 76 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിലെ 3 വീടുകളിലാണു ബോംബിട്ടത്. വടക്കൻ ഇസ്രയേൽ–ലബനൻ അതിർത്തിയിലും സംഘർഷം കനത്തു. കഴിഞ്ഞ ദിവസം ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല വടക്കൻ ഇസ്രയേലിലെ അതിർത്തി പട്ടണമായ കിർയത് ഷമോണയിൽ കനത്ത റോക്കറ്റാക്രമണം നടത്തി. ഇസ്രയേൽ ആക്രമണത്തിൽ 7 പേരാണു കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 32,499 പേർ കൊല്ലപ്പെട്ടു. 74,889 പേർക്കു പരുക്കേറ്റു.
രാജ്യാന്തര സമ്മർദത്തിനു വഴങ്ങില്ലെന്ന് ഹമാസിനു സന്ദേശം നൽകാനാണു യുഎസ് യാത്ര റദ്ദാക്കിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം യുഎസ് വീറ്റോ ചെയ്യാതിരുന്നതു അങ്ങേയറ്റം തെറ്റായിപ്പോയെന്ന് നെതന്യാഹു ആവർത്തിച്ചു.