‘എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ’: മകൾക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ

മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മോഹൻലാൽ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകൾ അറിയിച്ചത്. ‘എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ’ എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് മോഹൻലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്.

മായ എന്ന് വിളിപ്പേരുള്ള വിസ്മയയ്ക്ക് എഴുത്തിനോടും ആയോധനകലകളോടും യാത്രകളോടുമാണ് ഏറെ പ്രിയം. സഹോദരൻ പ്രണവ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയപ്പോൾ എഴുത്തിൻ്റെ വഴിയേയായിരുന്നു വിസ്മയ സഞ്ചരിച്ചത്. നേരത്തെ പുറത്തിറങ്ങിയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വിസ്മയയുടെ ആദ്യപുസ്തകമാണ്. ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേ‍ർ വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

ഈയടുത്ത് അമ്മ സുചിത്രയുടെ ഏറെ നാളായുള്ള ആ​ഗ്രഹം വിസ്മയ സാധിച്ചുകൊടുത്തതും ശ്രദ്ധനേടിയിരുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ സുചിത്രയെ മകൾ കൊണ്ടുപോയിരുന്നു. അമ്മ ​ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന വീഡിയോ വിസ്മയ പങ്കുവെക്കുകയും ചെയ്തിരുന്നു.

Read Also: ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’: മെയ് 16ന് തിയറ്ററുകളിൽ