കൊച്ചി: ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവതത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ അഭിനന്ദനവുമായി നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര, രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങൾക്കും എന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും തന്റെ കൂപ്പുകൈ എന്നും ജയസൂര്യയുടെ കുറിപ്പിൽ പറയുന്നു. അതേസമയം, പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. ഇതില്‍ എല്ലാം ചേര്‍ത്ത് സാക്നില്‍.കോം കണക്ക് പ്രകാരം ആടുജീവിതം ഇന്ത്യയില്‍ 7.45 കോടിയാണ് നേടിയത്. ഇതില്‍ മലയാളം തന്നെയാണ് മുന്നില്‍ 6.5 കോടിയാണ് മലയാളത്തില്‍ ആടുജീവിതം നേടിയത്. തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ്.
മലയാളത്തില്‍ 57.79 ശതമാനം ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ തീയറ്റര്‍ ഒക്യുപെന്‍സി. 4.14% കന്നഡയിലും, തമിഴില്‍ 17.84% , തെലുങ്കില്‍ 14.46% ഹിന്ദിയില്‍ 4.14% ആയിരുന്നു ചിത്രത്തിന്‍റെ ഒക്യുപെന്‍സി.
പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലെസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ചിത്രത്തിന് ആസ്‍പദം. സംഗീതം എ ആര്‍ റഹ്‍മാനാണ്. ഇന്നലെ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ അഭിപ്രായമാണ് ചിത്രം നേടുന്നത്.
ഇതോടെ ഓപ്പണിംഗ് ദിവസം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ആടുജീവിതം മാറി. മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ കേരള ബോക്സ് ഓഫീസില്‍ 5.85 കോടി റെക്കോഡാണ് ആടുജീവിതം തിരുത്തിയത്. 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.