ആള്‍ക്കൂട്ട വിചാരണയുടെ ലോകത്തെ ആദ്യ രക്തസാക്ഷി. ഒരു പാവം മനുഷ്യന്റെ മെലിഞ്ഞ ശരീരത്തെ നിര്‍ദാക്ഷണ്യം കീറിമുറിച്ച് കുരിശേറ്റിയ ദിനം. അതാണ് ഗുഡ് ഫ്രൈഡേ. പേര്, ക്രിസ്തു. വയസ്, 33. യഹൂദനാണ്. കുറ്റം, രാജ്യദ്രോഹവും മതനിന്ദയും. രാത്രിയില്‍ ഒലിവുമലയില്‍ നിന്നു വലിച്ചിഴച്ച് പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗവര്‍ണറുടെ കൊട്ടാരത്തില്‍ എത്തിച്ചതാണ്.
അന്ത്യത്താഴത്തിനു ശേഷം തനിക്കു ലഭിക്കാനിരിക്കുന്ന നീതിരഹിത ശിക്ഷയെ കുറിച്ച് വ്യാകുലപ്പെടാതെ, ഓടിയൊളിക്കാതെ, മാപ്പെഴുതി നല്‍കാതെ മരണം വരിച്ച സ്‌നേഹധനനായ രക്തസാക്ഷി. ജീവിച്ചതും, മരിച്ചതും ഉയര്‍ത്തെഴുന്നേറ്റതും സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി. ഇതെല്ലാം ഇന്നും മനുഷ്യര്‍ക്ക് അന്യമാണെന്നത് സത്യമായി നില്‍ക്കുന്നു. വെറുപ്പും വിദ്വേഷവും നശിപ്പിക്കലുമാണ് ഇന്നത്തെ മതം.
ഇസ്രായേലിന്റെ വീഥികളിലെല്ലാം ടാങ്കറുകള്‍ ചീറിപ്പായുകയാണ് ഇന്നും. ഫലസ്തീന്‍ ജനത കരുണയോടെ ജീവനുവേണ്ടി ഇസ്രയേലിനോട് യാചിക്കുകയാണ്. പക്ഷെ, തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍ കൊണ്ടാണ് ഇസ്രയേല്‍ മറുപടി പറയുന്നത്. ഓര്‍ക്കണം, ത്യാഗത്തിന്റെയും സഹനത്തിന്റെയും വഴിയേ നടക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവിനെ ക്രൂശിച്ച ഗാഗുല്‍ത്താ മലയും, പീഢാനുഭവ സ്ഥലങ്ങളും വീഥികളും ഇന്നും ഇസ്രായേലിന്റെ തിരുശേഷിപ്പുകളായുണ്ട്.
ഒലിവു മരങ്ങളുടെ സൗമ്യതയും, സ്‌നേഹത്തിന്റെ വചനങ്ങളുമൊന്നും ഇസ്രയേലില്‍ ഇപ്പോഴില്ല. എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തിന്റെ ഒലീവിലകളുമായി ഇസ്രായേലിന് ഉര്‍ത്തെഴുന്നേല്‍ക്കാനാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. ഈ കാലഘട്ടത്തിലാണ് ക്രിസ്തുവിന്റെ പീഢാനുഭവ ദിനമായ ദുഖവെള്ളി ക്രൈസ്തവര്‍ ആചരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് ദുഖ വെള്ളിയുടെ ചരിത്രം നീളുകയാണ്.
നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തു നിന്നു ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും, കൊട്ടാരങ്ങളിലേക്കും പാര്‍ലമെന്റുകളിലേക്കുമൊക്കെ അത് നീളുന്നുണ്ട്. അതിനു കാരണക്കാരനായ യേശുക്രിസ്തുവിന്റെ ജനനവും മരണവും ഉര്‍ത്തെഴുന്നേല്‍പ്പും ആഘോഷിക്കുക തന്നെ ചെയ്യണം.
നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാന്‍ വിധിക്കുന്നതിന്റെ കുറ്റബോധത്താല്‍ നീറിയ ഗവര്‍ണര്‍ പീലാത്തോസ് മൂന്നു പ്രാവശ്യം പറഞ്ഞു, ‘ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല” ആള്‍ക്കൂട്ടം സമ്മതിച്ചില്ല. ഒടുവില്‍, ആ നിരപരാധിയെ കൊല്ലാന്‍ വിട്ടുകൊടുത്തു. ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറെടുത്തു. ഭരണകൂടവും ഭൂരിപക്ഷവും കൊല്ലാന്‍ വിധിച്ച നിരപരാധിയെ ആര്‍ക്കു രക്ഷിക്കാനാകും ആ വെള്ളിയാഴ്ച മൂന്നു മണിയോടെ അവന്റെ വധശിക്ഷ നടപ്പാക്കി.
ശിഷ്യന്മാരും അമ്മയും പാവങ്ങളും അനാഥരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചവരും അവനൊപ്പം ഗാഗുല്‍ത്താ മലകയറി. പീഡിതരായ സകല മനുഷ്യരുടെയും മധ്യസ്ഥനായി ക്രിസ്തു ആകാശത്തിനും ഭൂമിക്കുമിടയില്‍ കുരിശില്‍ കിടന്നു. അവന്റെ യാതനാ നിര്‍ഭരമായ മുഖത്തേക്കു നോക്കിയവരെല്ലാം കണ്ണാടിയിലെന്ന പോലെ, മുറിവേറ്റ സ്വന്തം ദേഹത്തെയും ചോര വാര്‍ന്ന ആത്മാവിനെയും കണ്ടു.
ഏകാധിപതികളുടെ അടിച്ചമര്‍ത്തലുകളിലേക്കും, തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും മനുഷ്യവിരുദ്ധതയിലേക്കും, വംശത്തിന്റെയും വര്‍ണത്തിന്റെയും പേരിലുള്ള വിവേചനങ്ങളിലേക്കും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയിലേക്കും ആക്രമണങ്ങളിലേക്കുമൊക്കെ നീളുന്നുണ്ട്. ഏകാധിപതികളായ ഭരണാധികാരികളും തീവ്രവാദികളും വര്‍ഗീയവാദികളും സ്‌നേഹമില്ലാത്ത കുടുംബനാഥന്മാരും മനുഷ്യത്വമില്ലാത്ത സകല മനുഷ്യരും കുരിശു നിര്‍മ്മാണത്തിലാണ്.
2022 ജൂണില്‍ റഷ്യ യുക്രെയ്‌നില്‍ നടത്തിയ അധിനിവേശത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്തു. ഒക്ടോബറില്‍ ഹമാസ് കൊന്നവരുടെയും തടവിലാക്കിയവരുടെയും വീടുകള്‍ ജറുസലേമിന്റെ ദുഃഖമായെന്നത് സത്യമാണ്. എന്നാല്‍, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പകയില്‍ ഗാസയിലെ 33,000 പാവപ്പെട്ട മുസ്ലീംഗള്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയില്‍ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലുമായി ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.
സ്ത്രീകള്‍ ബലാംല്‍സംഗത്തിനിരയായി. ലക്ഷങ്ങള്‍ പലായനം ചെയ്തു. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയല്ലാതായി. ക്രിസ്മസോ ഈസ്റ്ററോ പരസ്യമായി ആഘോഷിക്കാന്‍ ക്രൈസ്തവര്‍ക്കു ഭയമായിരിക്കുന്നു. മണിപ്പൂരില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആഘോഷങ്ങളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല. ഏകാധിപതികളായ സീസര്‍മാരോടു ചേര്‍ന്ന് പ്രാദേശിക ഭരണാധികാരികളായ പീലാത്തോസുമാര്‍ നിരപരാധികളെ മരണത്തിനു വിട്ടുകൊടുത്തിട്ടു കൈ കഴുകുന്നു.
എല്ലാ പീഡിതര്‍ക്കും ക്രിസ്തുവിന്റെ മുഖം മാത്രമാണ്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടേക്കാമെന്നറിഞ്ഞിട്ടും സത്യത്തിനും നീതിക്കുംവേണ്ടി പൊരുതാന്‍ മനുഷ്യനെ ധൈര്യപ്പെടുത്തുന്നതു ക്രിസ്തുവാണ്. മരണമുഖത്തു ചവിട്ടി മനുഷ്യരുടെ പാപങ്ങള്‍ക്കെല്ലാം തന്റെ ജീവന്‍ നല്‍കിയ ആ വലിയ മനുഷ്യനെ ലോകം ഇിയും നല്ലതു പോലെ പഠിച്ച് വിലയിരുത്തി ജീവിക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്.